പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Sunday, August 27, 2017

കല്ലേറുകള്‍ വരുെന്നങ്കില്‍ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക


ദുഷ്ടയായ ആ അയല്‍ക്കാരിയുടെ ശീലമതാണ്. നിത്യവും രാവിലെ തന്റെ വീട്ടുമുറ്റം അടിച്ചുവാരിക്കഴിഞ്ഞാല്‍ ചപ്പുചവറുകള്‍ മുഴുവന്‍ തൊട്ടുതാഴത്തെ വീട്ടുമുറ്റത്തേക്കാണു വലിച്ചെറിയുക. ആ വീട്ടുകാരന്‍ സല്‍സ്വഭാവിയായത് അവളുടെ ഭാഗ്യം.

 അയല്‍ക്കാരിയുടെ ഈ ക്രൂരതയ്‌ക്കെതിരേ അയാള്‍ ഒരക്ഷരം മിണ്ടില്ല. മിണ്ടില്ലെന്നു മാത്രമല്ല, അവളുടെ ചപ്പുചവറുകള്‍ വന്നശേഷമേ തന്റെ വീട്ടുമുറ്റം അയാള്‍ അടിച്ചുവാരാന്‍ തുടങ്ങുകയുള്ളൂ. അതുവരെ ക്ഷമയോടെ കാത്തിരിക്കും. അവസാനം മുഴുവന്‍ ചവറുകളും അടിച്ചുവാരി തന്റെ പറമ്പില്‍ വളരുന്ന വൃക്ഷങ്ങള്‍ക്കു വളമായി ഇട്ടുകൊടുക്കും.

 ഒരധ്വാനവുമില്ലാതെ നി ത്യവും വീട്ടുമുറ്റത്തേക്കു മേത്തരം ജൈവവളങ്ങളെത്തുന്നെങ്കില്‍ അതാരെങ്കിലും എതിര്‍ക്കുമോ…? ഇന്ന് അയാളുടെ പറമ്പില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കിടിലന്‍ മാവ് കണ്ടാല്‍ ആരും മൂക്കത്തു കൈവച്ചുപോകും. തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും ഇതുവരെ കണ്ണേറു ബാധിക്കാതിരുന്നത് ഭാഗ്യം. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ല് യാഥാര്‍ഥ്യമായി കാണണമെങ്കില്‍ അയാളുടെ പറമ്പില്‍ വരണം.

 കായ്ക്കനികള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് പലപ്പോഴും അയാള്‍ അരി വാങ്ങുന്നത്. അയല്‍ക്കാരിയുടെ ഈ ‘നിസ്വാര്‍ഥമായ സേവനത്തിന്’ അയാള്‍ പ്രത്യുപകാരം ചെയ്യാതിരുന്നില്ല കായ്ക്കനികളുണ്ടായാല്‍ അതില്‍നിന്ന് ഒരു വിഹിതം അയല്‍ക്കാരിക്കും മാറ്റിവയ്ക്കും. 

ഇതു കണ്ട ഒരു സുഹൃത്ത് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ”എങ്ങനെയാണ് ഇത്ര വൃത്തികെട്ട സ്വഭാവം കാണിച്ചിട്ടും അവള്‍ക്ക് ഉപകാരം മാത്രം ചെയ്യാന്‍ നിനക്കു കഴിയുന്നത്…?” 

അദ്ദേഹം പറഞ്ഞു: ”അവള്‍ എനിക്കു വേണ്ടി ചെയ്യുന്നത് മറ്റാരും ചെയ്യാത്ത ഉപകാരമാണ്…” 
”നിങ്ങള്‍ക്കെതിരേ ചപ്പുചവറുകള്‍ വാരിയെറിയുന്നത് ഉപകാരമോ… നിങ്ങള്‍ക്കെന്തു പറ്റി…?” അയാള്‍ കണ്‍മിഴിച്ചു ചോദിച്ചു. 
”അതെ, ഉപകാരം തന്നെ. എനിക്കെതിരേ എറിയുന്ന ചവറുകള്‍ മുഴുവന്‍ ഞാനെന്റെ കൃഷിക്ക് വളമാക്കി മാറ്റുകയാണു ചെയ്യുക.”

വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും പുരോഗതിക്കുള്ള വളമാക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അതാണു നിസ്തുലമായ വിജയം. അതുതന്നെയാണു അസാമാന്യമായ സാമര്‍ഥ്യവും. തിന്മയെ തിന്മകൊണ്ടെതിര്‍ക്കാന്‍ ഏതു അടകോടനും കഴിയും. പക്ഷേ, തിന്മകൊണ്ടെതിര്‍ക്കാന്‍ കഴിഞ്ഞിട്ടും നന്മകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് കരുത്തു കിടക്കുന്നത്. 

തോല്‍വികളെ കരുത്തുറ്റ വിജയത്തിനു വളമാക്കിമാറ്റിയവരും മാറ്റുന്നവരുമുണ്ട്. അവര്‍ക്ക് പരാജയം നിഗ്രഹമല്ല, അനുഗ്രഹമാണ്. തടസമല്ല, അവസരമാണ്. അധോഗതിയല്ല, പുരോഗതിയാണ്. 

തനിക്കെതിരാണെന്നു തോന്നുന്നവയെ മുഴുവന്‍ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്. ഒരിക്കലും തോറ്റുകൊടുക്കരുത്. നിരന്തരം കല്ലേറുകള്‍ വരുെന്നങ്കില്‍ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക.. എല്ലാം ഒരുമിച്ചുകൂട്ടി നിങ്ങള്‍ക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവര്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി. അത്തരം മറുപടികളാണ് നിങ്ങളെ അനശ്വരനാക്കുന്നതും.

Thursday, August 10, 2017

ആ നന്മ മരം ഇനിയും പുഷ്പിക്കട്ടെ

നാം മുമ്പ് കേള്‍ക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത ചില ആളുകളും പേരുകളും ഒരു സുപ്രഭാതത്തില്‍ നാം കേള്‍ക്കുന്നു , അറിയുന്നു , അവര്‍ നമ്മുടെ മനസ്സില്‍ കയറിപ്പറ്റുന്നു .
പ്രിയപ്പെട്ടവരായി മാറുന്നു.
അങ്ങനെ കഴിഞ്ഞ വാരത്തില്‍ മനസ്സില്‍ കയറിപ്പറ്റിയ ഒരാളാണ് നിതിൻ.
സിദ്ധീഖ് മുസ്ലിയാര്‍ കടവത്തൂര്‍ തന്റെ ഒരു അനുഭവം പങ്കു വെച്ചിരുന്നു .
സമയത്തിനു എയര്‍ പോര്‍ട്ടില്‍ എത്താന്‍ അതിസാഹസികമായി തന്നെ സഹായിച്ച , സഹയാത്രികനായ , നന്മ നിറഞ്ഞ ഒരു പയ്യനെക്കുറിച്ച് .
തൊപ്പി വെച്ച ജുനൈദിനെ തീവണ്ടിയില്‍ വെച്ച് സഹയാത്രികർ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന കഥകളും ബീഫ് കഴിച്ചു എന്നും പറഞ്ഞ് പശുവിന്റെ പേരിൽ മനുഷ്യരെ
തല്ലിക്കൊല്ലുകയും കൊന്ന് മരത്തിൽ കെട്ടിത്തൂക്കുകയുമൊക്കെ ചെയ്യുന്ന, മുമ്പൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത വാര്‍ത്തകളും
അറിഞ്ഞും വായിച്ചും മനസ്സ് മരവിച്ചിരിക്കുമ്പോഴാണ് കുളിര്‍ മഴ പോലെ നന്മയുടെ നറുമണം പേറുന്ന ഇത്തരം കഥകളും കേള്‍ക്കുന്നത് എന്നത് നമ്മെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും .
ഈ അനുഭവകഥയും നമ്പർ വൺ കേരളത്തിൽ നിന്ന് തന്നെ..!
Usman Iringattiri


രാത്രി 9.10ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് പറന്നുയരും. ഏഴര മണിക്ക് കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. രണ്ടു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങാന്‍ കരുതിയതായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ ആളെ കാത്തിരുന്നു മണി രണ്ടരയും കഴിഞ്ഞു.
ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയെല്ലന്നു മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ തന്നെ ദുആ ഇരന്നു.
വീട്ടുകാരോട് യാത്ര പറഞ്ഞു സാധാരണ കരുതാറുള്ള ഹാന്‍ഡ്ബാഗ് കയ്യിലെടുത്തു പുറത്തിറങ്ങിയത്. സമയം മൂന്നടുക്കുന്നു. തലശ്ശേരിയിലെത്താന്‍ അര മണിക്കൂറിലേറെ സമയം വേണ്ടി വരും. പിന്നെ കോഴിക്കോട്ടേക്ക് ഒന്നര മണിക്കൂറും. വൈകുന്നേരം, നല്ല തിരക്കുള്ള സമയമാണ്. രണ്ടു മണിക്കൂര്‍ കരുതേണ്ടി വരും. കൃത്യമായി പോയാല്‍ ആറു മണിയാകുമ്ബോഴേക്കും കോഴിക്കോട് പിടിക്കാം. പിന്നെയൊരു ഒരു മണിക്കൂര്‍ യാത്ര, കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട്.
എന്‍റെ കണക്കു കൂട്ടലുകളില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം തുടങ്ങാനിരിക്കുകയായിരുന്നു. കണക്കു കൂട്ടലുകളിലെ കണക്കപ്പിഴകള്‍. തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയാണ് എന്നില്‍ ആധി വാരി നിറച്ചത്. ഇറങ്ങി ഒന്ന് ആഞ്ഞു നടക്കുകയാണെങ്കില്‍ ഇതിലും വേഗത്തിലെത്തുമെന്നു തോന്നി. അത്ര വേഗത്തിലാണ് ബസ്സിന്റെ ഓരോ നീക്കവും. ക്ലച്ചും ബ്രെയ്ക്കും മത്സരിച്ചു വേഷമിട്ട നാടകത്തില്‍ ആക്സിലേറ്ററിനു കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. സമയം നാലരയും കഴിഞ്ഞു. യാത്രയിപ്പോഴും തുടങ്ങിയിടത്തു തന്നെ.
പതിനായിരം കൊടുത്ത് രണ്ടു ദിവസം മുന്‍പ് ബുക്ക് ചെയ്തെടുത്ത റീഫന്‍ഡബിള്‍ അല്ലാത്ത ഫ്ളൈറ് ടിക്കറ്റ് എന്‍റെ ഹാന്‍ഡ് ബാഗില്‍ കിടന്നു എന്നെക്കാള്‍ കൂടുതല്‍ ആദി പൂണ്ടു. ഇടയ്ക്കിടെ കണ്ടക്ടറോടു ചോദിച്ചു, "അല്ല മാഷേ ഇതെത്ര മണിക്ക് കോഴിക്കോട് എത്തും?" ആറു മണിക്ക്മുമ്ബ് എത്തേണ്ടതാ, പക്ഷേ, ഇന്നത്തെ കാര്യം ഒന്നും പറയാന്‍ കഴിയില്ല. അതെന്തു പറ്റി ഇന്നേക്ക്? റോഡ് പണിയാ മുസ്ലിയാരെ. പിറകിലിരുന്ന മധ്യ വയസ്കന്‍ വിളിച്ചു പറഞ്ഞു. വടകര എത്തിയപ്പോള്‍ ശരിക്കും കണ്ടറിഞ്ഞു. റോഡിന്‍റെ ഒരു ഭാഗം കിലോമീറ്ററുകളോളം വലിച്ചു കെട്ടി ക്ളോസ് ചെയ്തു വെച്ചിരിക്കുകയാണ്. ബാക്കി പകുതി വഴി വേണം, അങ്ങോട്ടും ഇങ്ങോട്ടും ഇക്കണ്ട വാഹനങ്ങള്‍ക്ക് തിങ്ങിയും നിരങ്ങിയും നീങ്ങാന്‍..
വേച്ചു വേച്ചു നീങ്ങുന്നതിനിടെ വടകരയില്‍ നിന്നാണ് അവന്‍ കയറിയത്. അവന്‍റെ കാതിലെ കടുക്കനിലേക്കാണ് എന്‍റെ ആദ്യ ശ്രദ്ധ പോയത്. എന്‍റെ തൊട്ടടുത്ത സീറ്റ് കാലിയായിരുന്നു. കൃത്യമായി അവന്‍ അവിടെ തന്നെ വന്നിരുന്നു. ഇരിക്കേണ്ട താമസം മൊബൈലിന്റെ ഹെഡ് സെറ്റുകള്‍ രണ്ടുമെടുത്തു ഇരു ചെവിട്ടിലും തിരുകി. വൈകിയെണീറ്റ കുട്ടിയുടെ കരച്ചിലൊതുക്കാന്‍ മാതാവ് മുലക്കണ്ണെടുത്തു വായില്‍ തിരുകുന്ന പോലെ. മൊബൈലില്‍ എന്തൊക്കെയോ ചികയുന്നു, നീക്കുന്നു, തോണ്ടുന്നു. ഞാന്‍ ഇടം കണ്ണിട്ട് അവന്‍റെ മൊബൈലിലേക്കൊന്നു പാളി നോക്കി. ശിവനും പാര്‍വതിയും പിന്നെ രാമനും ലക്ഷ്മണനും. പിന്നെയുമുണ്ട് കുറേ പേര്‍. ദേവന്മാരും അസുരന്മാരും സ്ക്രീനില്‍ മാറി മാറി വരുന്നു. ഞാനൊരു ശുഭ്ര വസ്ത്ര ധാരിയായ ഇസ്ലാമിക പാരമ്ബര്യ വസ്ത്ര വിധാനത്തില്‍ കാത്തു സൂക്ഷിക്കുന്ന ഒരു മുസ്ല്യാരും. എന്‍റെ നോട്ടം അദ്ദേഹത്തിന് അസ്വസ്ഥത തീര്‍ക്കുമോ എന്ന വിചാരത്തില്‍ ഞാന്‍ പിന്നീട് അങ്ങോട്ട് മുഖം തിരിക്കാതിരിക്കാന്‍ ശ്രമിച്ചു.
ഇടയക്ക് എന്നില്‍ ഞെട്ടിയുണരുന്ന ആധി വീണ്ടും കണ്ടക്ടറുമായി പങ്കു വെച്ചു, ഇനി എത്ര സമയം വേണം?.. കണ്ടക്റ്റര്‍ പരുഷയമായൊന്നു നോക്കി. ആവര്‍ത്തിച്ചുള്ള ചോദ്യം അദ്ദേഹത്തിന് സുഖിക്കുന്നുണ്ടാവില്ല. അത് വരെ മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ചെറുപ്പക്കാരന്‍ സ്ക്രീനില്‍ നിന്നും കണ്ണെടുത്തു എന്നെയൊന്നു നോക്കി. എന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ അദ്ദേഹം എന്നോട് ചോദിച്ചു: 'എന്താ നിങ്ങളുടെ പ്രശ്നം? ഞാന്‍ കയറിയത് മുതല്‍ ശ്രദ്ധിക്കുന്നു, താങ്കളുടെ പരിവേഷം. എന്ത് പറ്റീ ഇതിനു മാത്രം? ഞാന്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു. ഫ്ളൈറ് സമയവും ബസ്സിന്റെ മെല്ലെ പോക്കും. അദ്ദേഹം ഒക്കെയും മൂളി കേട്ടു.
ഇടയ്ക്കു എന്തോ ആവശ്യത്തിന് സീറ്റില്‍ നിന്നും എഴുന്നേറ്റ് മുന്‍ ഭാഗത്തേക്ക് അദ്ദേഹം നടന്നു. അപ്പോഴദ്ദേഹം മൊബൈലില്‍ ആരുമായോ സംസാരിക്കുന്നുണ്ടായിരുന്നു.
എന്റെയടുത്തു സീറ്റ് കാലി കിടക്കുന്നതു കണ്ടു മറ്റൊരാള്‍ അവിടെ ഇരിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അദ്ദേഹത്തോട് എന്‍റെ സഹയാത്രികനെ കുറിച്ച്‌ പറഞ്ഞു. മുന്നിലേക്ക് പോയ സഹ യാത്രികന്‍ ഉടന്‍ തിരിച്ചു വന്നു എന്റെ അടുത്തിരുന്നു. ആര്‍ക്കൊക്കെയോ വിളിക്കുന്നുണ്ട്. എന്‍റെ കാര്യമാണ് പറയുന്നത് എന്ന് മനസ്സിലായി. എന്നെ കുറിച്ചും എന്‍റെ യാത്രാ വിവരങ്ങളും ഇതിനകം കൂടുതലായി അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ഞാനും അദ്ദേഹവുമായി പരിചയപ്പെട്ടു. പേര് നിതിന്‍. സ്ഥലം വയനാട് ജില്ലയിലെ പനമരം. ജോലി കോഴിക്കോട് തൊണ്ടയാട് എന്ന സ്ഥലത്തു ഏ സി ടെക്നീഷ്യന്‍. ഇപ്പൊ വടകര ഭാഗത്തു ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞു തിരിച്ചു കമ്ബനിയിലേക്കുള്ള വരവാണ്.
ആറു മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ച ബസ്സ് ഏഴു മണിയായി കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുമ്ബോള്‍. വൈകുന്നേരത്തെ ഈ തിരക്കിനിടയില്‍ അടുത്ത ബസ്സ് കയറി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടാല്‍ അര മണിക്കൂര്‍ പോയിട്ട് ഒരു മണിക്കൂര്‍ സമയം കൊണ്ട് പോലും നിശ്ചിത സ്ഥലത്ത് ഏത്താന്‍ കഴിയില്ല. ടാക്സി വിളിക്കണോ ബസ്സിന് പോകണോ എന്ന് ആശങ്കപെട്ട് നില്‍ക്കുമ്ബോഴുണ്ട് അത് വരെ ഒരുമിച്ചിരുന്നു ബസ്സില്‍ യാത്ര ചെയ്ത സഹയാത്രികന്‍ വരുന്നു.
'താങ്കള്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് അല്ലെ പോകേണ്ടത്?'
ഞാന്‍ പറഞ്ഞു, 'അതെ'.
'എങ്കില്‍ വരൂ..' അദ്ദേഹം എന്നെയും കൂട്ടി അല്പം ഒഴിഞ്ഞ ഭാഗത്തേക്ക് നടന്നു. അവിടെ ഒരു മോട്ടോര്‍ ബൈക്കുമായി മറ്റൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാന്‍ മോഹന്‍ ദാസ്. നിതിന്റെ കൂട്ടുകാരനാണ്.
സിദ്ധീഖ് മുസ്ലിയാര്‍. ഞാനും എന്നെ കുറിച്ച്‌ വിവരിച്ചു.
എന്‍റെ വേഷവും സംസാര ശൈലിയും അദ്ദേഹം ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചുവോ.. നേരം ഇരുട്ടി തുടങ്ങി. എയര്‍ പോര്‍ട്ടില്‍ ചെക്കിങ് തുടങ്ങിയിട്ടുണ്ടാകും. ഇനിയും പത്തു മുപ്പത്തിരണ്ട് കിലോ മീറ്റര്‍ യാത്ര ചെയ്യണം. അതും തിരക്ക് പിടിച്ച നിരത്തിലൂടെ ഈ തിരക്കൊഴിയാത്ത നേരത്ത്. എന്‍റെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ മനസ്സിലുറപ്പിച്ചു.
'മുസ്ലിയാരേ, നിങ്ങള്‍ ഈ ബൈക്കിന്‍റെ പുറകില്‍ കയറൂ'. ഞാന്‍ ഒന്ന് ഞെട്ടി. ഇത്രയും ദൂരം ബൈക്കിലോ?.. അതും ഒട്ടും പരിചയമില്ലാത്ത ഒരാളുമായി ഈ നേരം കേട്ട സമയത്ത്?. ഒരായിരം ദുഷ്ചിന്തകള്‍ എന്‍റെ മനസ്സിനെ കൊത്തി വലിച്ചു.. കയറണോ, വേണ്ടയോ..? അവസാനം ഞാന്‍ ബൈക്കില്‍ കയറി. വരുന്നിടത്ത് വെച്ച്‌ കാണാം.
മോഹന്‍ ദാസിനോട് യാത്ര പറഞ്ഞു നിതിന്‍ ബൈക്ക് ആദ്യ റൈസിംഗ് എടുത്തപ്പോഴേ എന്നില്‍ അപകടം മണത്തു. വണ്ടിയൊന്ന് പൊങ്ങി. പിന്നെ നേരെ നിരത്തിലേക്ക്. ഒരു മരണക്കിണര്‍ അഭ്യാസിയെപ്പോലെ. ജീവിതത്തില്‍ ആരുടേയും കൂടെ ഇങ്ങിനെയൊരു ബൈക്ക് യാത്ര ഞാന്‍ ചെയ്തിട്ടില്ല. ചിലപ്പോ ഞാന്‍ കണ്ണടച്ചിരുന്നു. അപ്പൊ എന്നില്‍ ആധി കൂടി. ഇരുട്ടിയ നേരത്ത് ഈ ചെറുപ്പക്കാരന്‍ എങ്ങോടാണ് എന്നെ കൊണ്ട് പോകുന്നത് എന്നറിയേണ്ടേ. ഇടയ്ക്ക് ഒരു പമ്ബില്‍ എണ്ണയടിക്കാന്‍ നിറുത്തി. ഞാന്‍ പറഞ്ഞു. 'ഫുള്‍ ടാങ്ക് അടിച്ചോ'യെന്ന്. പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. നൂറു രൂപയ്ക്കു മാത്രം പെട്രോളടിച്ചു വണ്ടി വീണ്ടും മുന്നോട്ടെടുത്തു. നേരം ശരിക്കും ഇരുട്ടി. റോഡില്‍ ക്രമാതീതമായ തിരക്കുമുണ്ടായിരുന്നു. ടൗണ്‍ ഭാഗങ്ങളില്‍ വാഹനങ്ങള്‍ വലിയ ശബ്ദത്തില്‍ ഹോണടിച്ചു നിരങ്ങി നീങ്ങുന്നു.
ബൈക്ക് യാത്ര വിജയിക്കില്ലേ.. ഒരു വേള ഞാന്‍ സംശയിച്ചു. ഏതോ വലിയ വാഹനത്തിന്‍റെ പുറകില്‍ നിന്നും കുറച്ചു നേരം ഹോണടിച്ച നിതിന്‍, ക്ഷമ നശിച്ചിട്ടെന്നോണം ബൈക്ക് റോഡില്‍ നിന്നും പുറത്തേക്കെടുത്തു. കാത്തു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെയും അരികിലൂടെയും ഒരു കുതിച്ചു പാച്ചിലായിരുന്നു പിന്നീട്. എയര്‍പോര്‍ട്ടില്‍ എത്തണമെന്നു കണക്കു കൂട്ടിയ ഏഴരയും കഴിഞ്ഞു. പക്ഷേ, നിതിന്‍റെ ആത്മ വിശ്വാസത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല.
"നിങ്ങള്‍ പിടിച്ചിരുന്നോളൂ ട്ടോ".. ഇടയ്ക്കു അവന്‍ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു.
ഇപ്പൊ എന്‍റെ പേടിയെല്ലാം മാറി. അവനെനിക്കിപ്പോ വെറും ഒരു സഹയാത്രികനല്ല, എന്‍റെ രക്ഷകനാണ്. കുറച്ചു നേരത്തേക്കാണെങ്കിലും എനിക്ക് വേണ്ട തീരുമാനങ്ങള്‍ ഇനി അവനാണെടുക്കേണ്ടത്. പുറകിലൂടെ ഹാന്‍ഡ്ബാഗ് തൂക്കിയ ഞാന്‍ കുറച്ചു കൂടെ അവനോടു ചേര്‍ന്നിരുന്നു. രണ്ടു കൈകൊണ്ടും അവനെ ശരിക്കും കെട്ടിപിടിച്ചു.
എന്റെ തൊപ്പിയോ അവന്റെ കുറിയോ ഒന്നും അതിനു തടസ്സമായില്ല. ഒരിക്കല്‍ സീറ്റില്‍ നിന്നും അവന്‍ എഴുന്നേറ്റ് പോയ നേരം മറ്റൊരാള്‍ ഇരിക്കാന്‍ വന്നപ്പോള്‍ ഞാനതു മുടക്കിയത് എത്ര നന്നായെന്ന് തോന്നി.
'മഴ പെയ്യാതിരുന്നാല്‍ നന്നായിരുന്നു' അവന്‍ പറഞ്ഞു.
'എന്തേ? ഞാന്‍ ചോദിച്ചു'.
'അല്ല, നിങ്ങളുടെ വെള്ള ജുബ്ബയൊക്കെ നനഞ്ഞ് പിന്നെ യാത്രക്ക് ബുദ്ധിമുട്ടാകില്ലേ?'..
ഇപ്പൊ അവന് എന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൈവന്ന പോലെ തോന്നുന്നു. സംസാരമുണ്ടെങ്കിലും ബൈക്കിന്‍റെ വേഗതക്കു ഒരു കുറവുമില്ല. എയര്‍പോര്‍ട് എത്തുന്നതിനു മുന്‍പുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന കയറ്റവും ഇറക്കവും കൂടിയ വീതി കുറഞ്ഞ നിരത്തിലൂടെ അവന്‍ അതിസാഹസികമായി എന്നെയും കൊണ്ട് പാഞ്ഞു.
എട്ടു മണിക്ക് പത്തു മിനുറ്റ് അവശേഷിക്കുമ്ബോള്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ കിതച്ചു നിന്നു. കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ മണി അഞ്ഞൂറ് രൂപ ഒരു സന്തോഷത്തിനായി അവന്‍റെ നേരെ നീട്ടി ഞാന്‍ പറഞ്ഞു: "ഇത് കൊണ്ട് തീരുന്ന ഉപകാരമല്ല താങ്കള്‍ ചെയ്തിട്ടുള്ളത്. എങ്കിലും എന്‍റെ ഒരു സന്തോഷത്തിനു താങ്കള്‍ ഇത് സ്വീകരിക്കണം".
അവന്‍ മൃദുവായൊന്നു ചിരിച്ചു. 'ഉസ്താദേ, ഇനിയും സംസാരിച്ചു നിന്നാല്‍ നമ്മുടെ ഓട്ടം വേസ്റ്റാകും, പണത്തിനു വേണ്ടിയല്ല ഞാന്‍ ഇത്രയും ദൂരം ഓടിയത്. എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. കഴിയുമ്ബോഴെക്കെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം. അത് മാത്രം മതി. വേഗം അകത്തേക്ക് കയറിക്കോളൂ. സമയം ഇപ്പോഴേ വൈകി'.
എന്‍ട്രി ഗേറ്റില്‍ നില്‍ക്കുന്ന പോലീസുകാരന് പാസ്പോര്‍ട്ടും ടിക്കറ്റും കാണിച്ചു അകത്തു കടക്കുമ്ബോഴും ഞാന്‍ അവനെ തന്നെ തിരിഞ്ഞു നോക്കുകയായിരുന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ അവന്‍ അവിടെ തന്നെ എന്നെയും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. അവന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം. ചെക്കിങ് കൗണ്ടറില്‍ നിന്നും എമിഗ്രെഷനിലേക്കു നടക്കുമ്ബോള്‍ ഞാന്‍ അവനു വിളിച്ചു. എന്‍റെ സംസാരം തുടങ്ങും മുമ്ബ് അവന്‍ ഇങ്ങോട്ട് ചോദിച്ചു: 'എന്തായി ഉസ്താദേ?, ഒക്കെ ക്ലിയര്‍ ആയില്ലേ?'..
'എല്ലാം റെഡിയായി കൂട്ടുകാരാ. അല്ല നീ എല്ലാം ശരിയാക്കി'. അവന്‍റെ മനസ്സ് തുറന്ന ശബ്ദമില്ലാത്ത ചിരി ഞാന്‍ കേട്ടു.
ആസുരതയുടെ തീവ്രഭാവങ്ങള്‍ പകര്‍ന്നാടി മനുഷ്യനിണത്തിന്‍റെ ജാതിയും മതവും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മോര്‍ച്ചറിയിലേക്കെടുക്കുന്ന മതമില്ലാത്തവന്‍റെ ആധുനിക മത ഭ്രാന്തിനു നേരെ അവന്‍ പരിഹാസ പൂര്‍വം ചിരിച്ചു. ഒരു അവിശ്വാസിയുടെ മൃത ശരീരം കണ്ടു എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച പുണ്യ പൂമേനിയുടെ തിരു വചസ്സുകള്‍ എന്‍്റെ ചിന്തകളിലൂടെ ഓടി മറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു മതത്തെ വില്‍ക്കുന്ന അഭിനവ കോമരങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ തീര്‍ത്തിരിക്കുന്ന മുള്ളുവേലികള്‍ തകര്‍ക്കാന്‍ കുറെ നിതിനുമാര്‍ ഇവിടെ ജീവിച്ചിരിപ്പുള്ളതു ഓര്‍ത്തപ്പോള്‍ എനിക്കെന്‍റെ നാടിനോടും സംസ്കാരത്തോടും വീണ്ടും വീണ്ടും സ്നേഹവും ബഹുമാനവും തോന്നി.
സിദ്ധീഖ് മുസ്ലിയാര്‍,
കടവത്തൂര്‍

വല്ലാത്ത സ്നേഹമാണ്....

പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി അതിന്‍റെ ഉമ്മ മരിച്ചു..

പിതാവ് മജീദ് ആ ചോരക്കുഞ്ഞിനെ ഏറ്റ് വാങ്ങി..

കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ിന് മുലപ്പാല് വാങ്ങിക്കൊടുത്തു..

രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്  മുലയൂട്ടി..

മജീദിക്ക  ഫാത്തിമയെന്നാ മകളെ വിളിച്ചു..

ഛര്‍ദിക്കുന്നത് ഉപ്പയുടെ  വെളുത്ത ഷര്‍ട്ടിലേക്കും പോക്കറ്റിലേക്കുമായിരുന്നു..

പലപ്പോഴും കടയിലേക്ക് പോവാന്‍ മാറ്റി വരവേ ഉപ്പയുടെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ  മറ്റേതും സാധിപ്പിച്ചു..
 ആ ഉപ്പ മോളെ ചേര്‍ത്ത് പിടിച്ചു...

താരാട്ടു പാടി..

പലരും മോളെ നോക്കാനൊര് പെണ്ണ് കെട്ടാന്‍ പറഞ്ഞു..

കൂട്ടാക്കിയില്ല..
''
എന്‍റെ മോളെ മറ്റൊര് സ്ത്രീ അന്യയായേ കാണൂ എന്നയാള് പറഞ്ഞു..

ജോലിക്ക് പോകുമ്പോ വീട്ടിലുള്ളോര് മോളെ നോക്കി..

ഉപ്പയുടെ പാട്ടുകേട്ട്   ഉപ്പയുടെ കെെച്ചൂടിനുള്ളില്‍ ഒര് പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ച്മോളുറങ്ങി..

കാലം നീങ്ങി..
ഫാത്തിമ വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊര് പെണ്ണ് കെട്ടാത്ത ഉപ്പയെ മോള്‍ക്ക്  വല്ലാതെ  മതിപ്പായി..

ഉപ്പാക്ക് വേണ്ടി മോളും മോള്‍ക്ക് വേണ്ടി ഉപ്പയും ജീവിച്ചു..

ഫാത്തിമ പതിനെട്ടു തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..

ഉപ്പ നല്ലൊര് ചെക്കനെ കണ്ടുപിടിച്ച് നികാഹ് ചെയ്ത് കൊടുത്തു..

ആദ്യ രാത്രിയില്‍  ഭര്‍ത്താവ് ഫാത്തിമയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ട്ടമാരെയാണ്....സത്യം മാത്രം പറയണം..എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''

ഫാത്തിമ ചിരിച്ചു..
''
ഒര് പക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം..ഇപ്പോ എന്‍റെ ഉമ്മച്ചിയെയാണ്..''

ഫാത്തിമയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ ഉപ്പസ്നേഹം അയാളും കേട്ടതാണ്..ആ ഉപ്പയുടെ പേരാണ് അയാള് പ്രതീക്ഷിച്ചതും..

''അല്ല അതിന് നിന്‍റെ ഉമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''

''അതെ അതാണിക്കാ  കാരണവും..
ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട ഉപ്പയും എന്നോട് ചോദിച്ചു..
ഞാനുപ്പയെന്ന് പറഞ്ഞു..
ഉപ്പ എന്നെ തിരുത്തി..

അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്‍റുമ്മയെ ആണ്...
കാരണം  ഹൃദയവാല്വ് വീക്കായിരുന്ന നിന്‍റെ ഉമ്മച്ചി ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ട് പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങള് പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു..ചിലപ്പോ കുട്ടിയുടെ ജനനത്തോടെ ഉമ്മ  ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു..ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ   ജീവിതം മുഴുക്കെ ഓര്‍ഫനേജ് പഠിച്ച് സന്തോഷകരമായ ഒര് ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്‍റുമ്മച്ചി സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച ഉമ്മച്ചി കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
ഉപ്പ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ ഫാത്തിമ നിന്നു.
..
 ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..

വല്ലാത്ത സ്നേഹമാണ്...

ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒര് വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...

എന്നിട്ടും മോളോട് ഉമ്മയുടെ സ്നേഹത്തിന്‍റെ ത്‌യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന ഉപ്പയുടെ കഥ...അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച ഉമ്മയുടെ കഥ......

ഞാൻ എഴുതിയതല്ല !

ആരെഴുതിയതാണെന്നും അറിയില്ല.
ഇഷ്ടപ്പെട്ടു. ഇവിടെ പോസ്റ്റ് ചെയ്യുന്നു.🙏 *കണ്ണ് ഉള്ളപ്പോ കണ്ണിന്റെ വില അറിയില്ല..ഉമ്മയും വാപ്പയും ഒക്കെ ഉള്ളവർ വിലപ്പെട്ട സമയം  പാഴാക്കാതെ അവർക്ക് കണ്ണിന് കുളിർമയുണ്ടാക്കുന്ന സേവനങ്ങൾ ചെയ്യൂ ..വേഗം*