പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Thursday, August 4, 2022

പ്രത്യാശയുടെ അത്ഭുത ഗോപുരം

നമ്മളിൽ പലരും ജീവിതത്തെ ആഘോഷമാക്കി കടന്ന് പോവുന്നവരോ,ജീവിത ദുരന്തങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നവരോ ആണ് ....എന്നാൽ "ജീവിത ദുരന്തത്തെ ആഘോഷമാക്കിയ" ഒരു മനുഷ്യ സ്നേഹിയെ പരിചയപെടുത്താൻ ആണ് ഈ കുറിപ്പ് ...നമുക്ക് ചുറ്റും ഒരു പാട് സെലിബ്രിറ്റികൾ നിറഞ്ഞ് നിൽക്കുമ്പോൾ ഒരു അപകടത്തിൽ നട്ട്എല്ലിലെ ഡിസ്‌ക് ഒന്ന് തെന്നി മാറിയ നിമിഷം മാത്രം ഞാൻ അറിഞ്ഞ നിങ്ങളിൽ പലരും അറിയേണ്ട എന്നാൽ അറിയാതെ പോയ ഒരു സെലിബ്രിറ്റിയെ ഈ കുറിപ്പിലൂടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുകയാണ് . "ഇലകൾ പോലെയാകണം പ്രതീക്ഷകൾ,എത്ര കൊഴിഞ്ഞാലും അത് വീണ്ടും തളിർക്കണം എന്ന് നമ്മെ ഓർമിപ്പിക്കുന്ന ഒരാൾ പയ്യോളിയിലെ കാട്ടുകണ്ടി വീട്ടിൽ ഉണ്ട് ....നമ്മുടെ ജീവിതത്തിലും മുളച്ചുയരാനുള്ള ചെടികൾക്കു വേണ്ടി നാം പരിക്കേൽക്കുക തന്നെ വേണം എന്ന് വിശ്വസിക്കുന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുല്ലക്ക ....മാറിയും തിരിഞ്ഞും നാം നടത്തുന്ന പറിച്ച് നടലുമായി ജീവിതയാത്ര തുടരുമ്പോൾ, മാറികയറേണ്ട ജീവിതത്തെ കുറിച്ച് ഉണർത്തുന്നു കുഞ്ഞബ്ദുള്ള സാഹിബ്.... മുപ്പത് വര്ഷം മുമ്പെ നമ്മൾ ഓരോരുത്തരെയും പോലെ ജീവിച്ച കൊപ്ര കച്ചവടക്കാരൻ ആയിരുന്ന അബ്ദുല്ലക്കയുടെ ജീവിതത്തിലേക്ക് റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു മരം വില്ലനായി (അദ്ദേഹം അത് അനുഗ്രഹം ആയി കാണുന്നു ) സഞ്ചരിച്ച ജീപ്പിന് മുകളിലേക്ക് വീഴുകയായിരുന്നു .....ആ റോഡപകടത്തെ തുടർന്ന് നട്ട്എല്ലിന് പരിക്ക് പറ്റി കൈ കാലുകൾ ചലിപ്പിക്കാൻ കഴിയാതെ അരക്ക് താഴെ തളർന്ന അബ്ദുല്ലക്കയെ കേരളത്തിലെ മികച്ച മെഡിക്കൽ കോളേജ് ദിവസങ്ങൾ മാത്രം ആയുസ്സ് കണക്ക് ആക്കി ഇന്ത്യയിലെ ഈ രംഗത്തെ മികച്ച ഹോപിറ്റൽ ആയ സി എം സി വെല്ലൂരിലേക്ക് അയക്കുകയായിരുന്നു ...പോയാൽ വെറും ഇരുപതോ ഇരുപത്തഞ്ചോ ദിവസം മാത്രം അവിടെ നിന്നും അദ്ദേഹത്തിന്റെ ആയുസ്സിന് അത്ര സമയം മാത്രം തെന്നെയാണ് മെഡിക്കൽ സയൻസ് നൽകിയത് . അവർക്ക് ഒരു ‘ക്വാഡ്രിപ്ലീജിക്*C 6(Complete) ഹൈ ലെവൽ പേഷ്യന്റിന് അവർക്കു നൽകാൻ സാധിക്കുന്ന കാലാവധി അത്ര മാത്രം ആയിരുന്നു ... പിന്നെ അങ്ങോട്ട് വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായി അബ്ദുല്ല കാട്ടുകണ്ടിയുടെ ആയുസ്സ് ദൈവം തമ്പുരാൻ നീട്ടി നൽകി ...നീണ്ട മുപ്പത് വര്ഷം ജീവിതത്തിലൂടെ കടന്ന് പോയി ..പൈനൽ കോർഡ് ഇഞ്ചുറി പറ്റി അരക്ക് കീഴെ പൂർണ്ണമായും തളർന്നു(ക്വാഡ്രിപ്ലീജിക്) ആയ ഒരു മനുഷ്യൻ ഇത്രയും കാലം ജീവിച്ചത് തന്നെ ലോകത്തിന് നൽകുന്ന പ്രത്യാശയുടെ അത്ഭുതം തന്നെയാണ് . അതോടൊപ്പം അനുഭവങ്ങളുടെ വലിയ തീച്ചൂളയിലൂടെ കടന്ന് വന്ന ഒരു ആ കുടുംബ നാഥൻ കിടന്ന് കിടപ്പിനെ ദൈവത്തിന്റെ അനുഗ്രഹം ആയി കണ്ടു .ആയുസ്സിന്റെ ഏറ്റവും നല്ല കാലത്ത് പ്രിയതമനു പറ്റിയ അപകടത്തെ ഉൾക്കൊണ്ട് കൊണ്ട് ആ മനുഷ്യനോടപ്പം ജീവിതത്തെ ത്യാഗം നിറച്ച് മുന്നോട്ട് കൊണ്ട് പോകുവാൻ ദൈവം കരുതി വെച്ച " റൂ " എന്ന് സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ഇണയുടെ പങ്ക് ചെറുതല്ല ... അദ്ദേഹം മക്കളെ പഠിപ്പിച്ചു ,കുടുംബത്തിന് കിടന്ന കിടപ്പിൽ ഉപജീവനം കണ്ടെത്തി .മറ്റുള്ളവർക്ക് സഹായം ഹസ്തം നീട്ടി ...ഇതാ അവസാനം ഒരു പുസ്തകം എഴുതാൻ കഴിയില്ല എന്ന ആ കൈ കൊണ്ട് നമുക്ക് നേരെ ഒരു പുസ്തകം നീട്ടുന്നു . പുഴ പോലെ ഒഴുകുന്ന ജീവിതത്തിലേക്ക് അവിചാരിതമായി എത്തുന്ന ഒരു ആഘാതത്തിൽ ആരും പതറി പോകും .അത്തരം ഒരു പരീക്ഷണത്തെ അതിജീവിക്കുവാൻ എളുപ്പം അല്ല .സമൂഹത്തിൽ നിന്നും മാറി ഏകാകിയായി ജീവിക്കുന്ന ഇത്തരം വ്യക്തികളുടെ ദുരിതച്ചുഴി അവരുടെ മരണം വരെ പലപ്പോഴും നില നിൽക്കും ....ഇവിടെയാണ് അബ്ദുല്ലക്ക പ്രത്യാശയുടെ അത്ഭുത ഗോപുരം പണിയുന്നത് ... കൈകൾ ചലിപ്പിക്കാൻ സാധിക്കാത്ത അദ്ദേഹം പേന ചുണ്ടുകളിൽ പിടിച്ചു എഴുതി തുടങ്ങി...തനിക്ക് ചുറ്റും ഉള്ള രോഗികൾക്ക് അവരുടെ ജീവിതത്തിലേക്ക് മഴ മേഘങ്ങൾ ആയി ആ എഴുത്ത് മാറി ."അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ " എന്ന വാക്യം അദ്ദേഹം ആ അവസ്ഥയിലും നമുക്ക് കാട്ടി തന്നു ....ആ എഴുത്തുകൾ ജീവിതത്തെ മാറ്റി മറിച്ചു . അബ്‌ദുള്ളക്കയുടെ ജീവിതത്തിലേക്ക് കൈ നീട്ടി തിരികെ വിളിക്കാൻ ഉമ്മർകോയ എന്ന നന്മ മരം വന്നപ്പോൾ ആ ജീവിതം മാറി മറിയാൻ തുടങ്ങി .മുപ്പതു വർഷത്തെ കിടക്കയിലെ ജീവിതം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അനുഭവമാണ്.....ഇരുന്നും കിടന്നും അദ്ദേഹം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ..പരിശുദ്ധ ഭവനത്തിൽ ഉംറ നിർവഹിക്കാൻ വരെ വേദനയുടെ ദൂരങ്ങൾ താണ്ടി, ഈ കാലഘട്ടം ഇക്ക പൂർത്തിയാക്കിയിരിക്കുന്നു... ഓരോ നിമിഷവും ദൈവത്തിൽ അർപ്പിച്ച് , ആത്മവിശ്വാസത്തിന്റ പുഞ്ചിരിയോടെ.... മറ്റുള്ളവരിൽ പോസിറ്റീവ് ചിന്തകൾ പകർന്നാണ് ഈ ധന്യ ജീവിതം....ആരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും, പരാതികൾ പറഞ്ഞു ദിവസങ്ങൾ തള്ളുന്നവർക്ക് ഇതൊരു പാഠമായി തീരട്ടെ.... പേനകൾ തിരുകി അദ്ദേഹം ലോകത്തിന് തൻറെ ജീവിതത്തെ തുറന്ന ഒരു പുസ്തകമായി എഴുതി ചേർത്തു ."പ്രത്യാശയുടെ അത്ഭുത ഗോപുരം "....ജീവിതത്തിൽ രണ്ട് കാലിൽ നടന്ന് കൊണ്ട് ജീവിക്കുന്ന നാം അത് വായിക്കാതെ പോവരുത് .ജീവിതത്തിൽ വലിയ പ്രശ്നത്തിലാണ് ഞാൻ എന്ന് ചിന്തിക്കുന്ന ...ജീവിതം അവസാനിപ്പിക്കാം എന്നൊക്കെ കരുതുന്നവർ ഈ പുസ്തകം അറിയാതെ പോവരുത് .....കിടപ്പ് രോഗികൾക്ക് അനുഭവം കൊണ്ട് അദ്ദേഹം വലിയ ഒരു വൈദ്യൻ ആണ് ...നട്ടെല്ലിന് ക്ഷതം സംഭവിച്ച ആളുകൾക്ക് അദ്ദേഹം ഒരു വലിയ ഉപദേശകൻ ആണ് സംശയം ഇല്ല. അബ്ദുല്ല കാട്ടുകണ്ടി നമ്മുടെ നാട്ടിൽ ജനിച്ചത് കൊണ്ടാവാം വലിയ അംഗീകാരങ്ങൾ അദ്ധേഹത്തെ തേടിയെത്തിതായി അറിയില്ല .മറ്റ് രാജ്യങ്ങളിൽ ആണെങ്കിൽ രാജ്യം വലിയ അംഗീകാരം നൽകി ആദരിക്കുന്ന ഒരു വ്യക്തി ആയിരിക്കും അദ്ദേഹം എന്ന് തോന്നാറുണ്ട് .എന്നാൽ എന്നെ പോലെയുള്ള അനേകം ആളുകളുടെ മനസ്സിൽ വലിയ ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന ഒരു പാട് പേർക്ക് തണൽ നൽകുന്ന ഒരു വൃക്ഷമായി അദ്ദേഹം മാറുന്നു ....ഈ ലോകം നിസ്സാരമാണ് എന്ന് തിരിച്ചറിഞ്ഞവർക്ക് ദൈവത്തിന്റെ അടുത്ത് കിട്ടുന്ന സ്ഥാനങ്ങൾക്ക് ആണ് പ്രാധാന്യം ...രോഗ കിടക്കയിൽ ജീവിതം തള്ളിനീക്കുന്നവർക്ക് ഉയർത്ത് എഴുന്നേൽപ്പ് നടത്തുവാൻ അദ്ദേഹത്തിന്റെ ജീവിതം വെളിച്ചം ആകുവാൻ ഈ കുറിപ്പ് ഒരു കാരണം ആവട്ടെ എന്ന പ്രാർത്ഥനയിൽ അവസാനിപ്പിക്കുന്നു .....അദ്ദേഹത്തിന്റെ പുസ്തകം ലഭിക്കുവാനും അദ്ദേഹത്തിനെ ബന്ധപ്പെടാനും വാട്ട്സ്ആപ്പ് നമ്പർ താഴെ കുറിക്കുന്നു. 9544022044 (അദ്ദേഹത്തിന് ബുദ്ധിമുട്ട് വരാത്ത തരത്തിൽ മാത്രം ബന്ധപ്പെടുക ) സസ്നേഹം ബ്രദർ മുനീർ ചില ഫോട്ടോകൾ ഇതോടൊപ്പം പങ്ക് വെക്കുന്നു ..