ദുഷ്ടയായ ആ അയല്‍ക്കാരിയുടെ ശീലമതാണ്. നിത്യവും രാവിലെ തന്റെ വീട്ടുമുറ്റം അടിച്ചുവാരിക്കഴിഞ്ഞാല്‍ ചപ്പുചവറുകള്‍ മുഴുവന്‍ തൊട്ടുതാഴത്തെ വീട്ടുമുറ്റത്തേക്കാണു വലിച്ചെറിയുക. ആ വീട്ടുകാരന് സല്സ്വഭാവിയായത് അവളുടെ ഭാഗ്യം.
അയല്‍ക്കാരിയുടെ ഈ ക്രൂരതയ്ക്കെതിരേ അയാള്‍ ഒരക്ഷരം മിണ്ടില്ല. മിണ്ടില്ലെന്നു മാത്രമല്ല, അവളുടെ ചപ്പുചവറുകള്‍ വന്നശേഷമേ തന്റെ വീട്ടുമുറ്റം അയാള്‍ അടിച്ചുവാരാന്‍ തുടങ്ങുകയുള്ളൂ. അതുവരെ ക്ഷമയോടെ കാത്തിരിക്കും. അവസാനം മുഴുവന്‍ ചവറുകളും അടിച്ചുവാരി തന്റെ പറമ്പില്‍ വളരുന്ന വൃക്ഷങ്ങള്‍ക്കു വളമായി ഇട്ടുകൊടുക്കും.
ഒരധ്വാനവുമില്ലാതെ നി ത്യവും വീട്ടുമുറ്റത്തേക്കു മേത്തരം ജൈവവളങ്ങളെത്തുന്നെങ്കില് അതാരെങ്കിലും എതിര്‍ക്കുമോ…? ഇന്ന് അയാളുടെ പറമ്പില്‍ പൂത്തുലഞ്ഞുനില്ക്കുന്ന കിടിലന്‍ മാവ് കണ്ടാല്‍ ആരും മൂക്കത്തു കൈവച്ചുപോകും. തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും ഇതുവരെ കണ്ണേറു ബാധിക്കാതിരുന്നത് ഭാഗ്യം. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ല് യാഥാര്‍ഥ്യമായി കാണണമെങ്കില്‍ അയാളുടെ പറമ്പില്‍ വരണം.
കായ്ക്കനികള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് പലപ്പോഴും അയാള്‍ അരി വാങ്ങുന്നത്. അയല്‍ക്കാരിയുടെ ഈ ‘നിസ്വാര്‍ഥമായ സേവനത്തിന്’ അയാള്‍ പ്രത്യുപകാരം ചെയ്യാതിരുന്നില്ല കായ്ക്കനികളുണ്ടായാല് അതില്‍നിന്ന് ഒരു വിഹിതം അയല്ക്കാരിക്കും മാറ്റിവയ്ക്കും.
ഇതു കണ്ട ഒരു സുഹൃത്ത് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ”എങ്ങനെയാണ് ഇത്ര വൃത്തികെട്ട സ്വഭാവം കാണിച്ചിട്ടും അവള്‍ക്ക് ഉപകാരം മാത്രം ചെയ്യാന്‍ നിനക്കു കഴിയുന്നത്…?”
അദ്ദേഹം പറഞ്ഞു: ”അവള് എനിക്കു വേണ്ടി ചെയ്യുന്നത് മറ്റാരും ചെയ്യാത്ത ഉപകാരമാണ്…”
”നിങ്ങള്‍ക്കെതിരേ ചപ്പുചവറുകള്‍ വാരിയെറിയുന്നത് ഉപകാരമോ… നിങ്ങള്‍ക്കെന്തു പറ്റി…?” അയാള്‍ കണ്മിഴിച്ചു ചോദിച്ചു.
”അതെ, ഉപകാരം തന്നെ. എനിക്കെതിരേ എറിയുന്ന ചവറുകള്‍ മുഴുവന്‍ ഞാനെന്റെ കൃഷിക്ക് വളമാക്കി മാറ്റുകയാണു ചെയ്യുക.”
വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും പുരോഗതിക്കുള്ള വളമാക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അതാണു നിസ്തുലമായ വിജയം. അതുതന്നെയാണു അസാമാന്യമായ സാമര്‍ഥ്യവും. തിന്മയെ തിന്മകൊണ്ടെതിര്‍ക്കാന്‍ ഏതു അടകോടനും കഴിയും. പക്ഷേ, തിന്മകൊണ്ടെതിര്‍ക്കാന്‍ കഴിഞ്ഞിട്ടും നന്മകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് കരുത്തു കിടക്കുന്നത്.
തോല്‍വികളെ കരുത്തുറ്റ വിജയത്തിനു വളമാക്കിമാറ്റിയവരും മാറ്റുന്നവരുമുണ്ട്. അവര്‍ക്ക് പരാജയം നിഗ്രഹമല്ല, അനുഗ്രഹമാണ്. തടസമല്ല, അവസരമാണ്. അധോഗതിയല്ല, പുരോഗതിയാണ്.
തനിക്കെതിരാണെന്നു തോന്നുന്നവയെ മുഴുവന്‍ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്. ഒരിക്കലും തോറ്റുകൊടുക്കരുത്. നിരന്തരം കല്ലേറുകള്‍ വരുെന്നങ്കില്‍ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക.. എല്ലാം ഒരുമിച്ചുകൂട്ടി നിങ്ങള്‍ക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവര്‍ക്കു നല്കാന് കഴിയുന്ന ഏറ്റവും നല്ല മറുപടി. അത്തരം മറുപടികളാണ് നിങ്ങളെ അനശ്വരനാക്കുന്നതും.





