പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Friday, February 26, 2021

നിങ്ങൾ ഇന്നും നിൽക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണ്

വർഷവസാനം ലൈസൻസ് പുതുക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ കയറിയിറങ്ങൽ കച്ചവടക്കാരന് നിര്ബന്ധമാണ്.സർക്കാർ ഈ രംഗത്ത് പുത്തൻ ടെക്‌നോളജി കൊണ്ട് വന്നെങ്കിലും ഫലപ്രദമായി എവിടെയൊക്കെ നടപ്പിൽ വരുത്തുന്നു എന്നറിയില്ല . ഓൺലൈൻ വഴി ഇത്തരം അപേക്ഷ കൊടുക്കാനും ലൈസൻസ് ലഭിക്കാനും ഏർപ്പാട് ചെയ്‌തെങ്കിലും എന്തായാലും എനിക്ക് പോവേണ്ട സ്ഥാപനത്തിൽ ഇത് വരെ വന്നില്ല .അത് കൊണ്ട് ഏറ്റവും കുറഞ്ഞത് മൂന്ന് തവണ എങ്കിലും ആ പടികൾ നമുക്ക് കയറാം.

1.സീൽ അടിച്ച അപേക്ഷ ഫോറം വാങ്ങുവാൻ(കൂടെ വെക്കേണ്ട രേഖകളും(കേട്ടിട്ട നികുതി റസീപ്റ്റ്,മുൻ വർഷ പ്രൊഫഷണൽ ടാക്സ് അടച്ച റസീറ്റ് , മുൻ വർഷത്തെ ലൈസൻസ് ) പേനയും കൊണ്ട് വന്നാൽ ഈ നടത്തം ഒഴിവാക്കാം ).
2.അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകൾ വച്ച് ഫീസ് അടക്കാൻ (ഇത് ഇപ്പോൾ ഫെബ്രുവരി മാസം നടത്തി വരുന്നു-അതിന് ഒരു പാട് സ്റ്റെപ്പ് ഉണ്ട് ...ആദ്യം നിങ്ങൾ അപേക്ഷ മുൻവശത്തുള്ള കൗണ്ടറിൽ കാണിക്കുന്നു > അത് ഹെൽത്ത് ഇൻസ്‌പെക്ടറെ കാണിക്കാൻ പറയുന്നു >ഹെൽത്ത് ഇൻസ്‌പെക്ടർ ഒരു
കുറിപ്പ് എഴുതി പ്രൊഫഷണൽ ടാക്സ് അടച്ചോ എന്ന് പരിശോധിക്കാൻ വിടുന്നു > കെട്ടിടത്തിന്റെ നികുതി അടച്ചോ എന്ന പരിശോധന >വീണ്ടും ഹെൽത്ത് ഇൻസ്‌പെക്ടറെ കാണിക്കാൻ പറയുന്നു>ലൈസൻസ് ഫീസ് പ്രൊഫഷണൽ ടാക്സ് എന്നിവ അടച്ച് ഫ്രന്റ് ഡെസ്കിൽ കൈ മാറുന്നു.)
3.സ്ഥാപനം നടത്താൻ ലൈസൻസ് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ (ഇത് ഏപ്രിൽ ശേഷം ആണ് നൽകി വരുന്നത് )(ഇത് ഒറ്റ അടിക്ക് ഇത് വരെ നടന്നിട്ടില്ല -ആദ്യം നാം പണം അടച്ച റസീറ്റ് കൊണ്ട് കാണിച്ചാൽ ആണ് പ്രസ്തുത ജീവനക്കാരൻ/കാരി അത് അറിയുക,എഴുതി വെക്കാം എന്ന് പറയുന്നു ...പിന്നീട് വീണ്ടും പോവാൻ സാധ്യമായാൽ നിങ്ങൾക്ക് അത് ലഭ്യമാവും...അധിക ആളുകളും ലൈസൻസ് വാങ്ങാൻ മെനക്കെടാറില്ല അവർ ആ റസീറ്റ് മാത്രം കൈയിൽ വെച്ച് തൃപ്തിഅടയുന്നു )...
ഈ തവണ ഇന്നലെയായിരുന്നു ഞാൻ രണ്ടാം സ്റ്റെപ്പ് നിർവ്വഹിച്ചത്.ദിവസത്തിന്റെ പകുതി പോയെങ്കിലും സർക്കാർ ജീവനക്കാരെ നിരീക്ഷിച്ചപ്പോൾ ഉള്ള എൻ്റെ ചില നിഗമനങ്ങൾ ഞാൻ പങ്ക് വെക്കട്ടെ ......നിങ്ങൾ സർക്കാർ ജീവനക്കാരനാവുകയും ഇതിൽ ഏതെങ്കിലും ഒരു സ്വഭാക്കാരനായാലും സഹോദരനോട് പൊറുക്കുമല്ലോ..😉😘 ...
വരുന്ന ഓരോ പൊതുജനത്തെയും ഉപഭോക്താവായി കണ്ട് കൊണ്ട് തൃപ്തിപ്പെടുത്തുക എന്നതാണ് പുതിയ ഐ എസ്സ് ഒ (ISO-International Organisation for Standardization) നയം പക്ഷെ അതൊക്കെ ഐ എസ്സ് ഒ അങ്ങിനെ പലതും പറയും എന്നതാണ് വലിയ കൂട്ടർ
ഇന്നും മനസ്സിൽ ഉറപ്പിച്ച കാര്യം ....
പഴയ പോലെ ചാടി കടിക്കൽ കുറവ് ഉണ്ടെങ്കിലും എന്നാലും കുഴലിൽ ഇട്ട വാൽ നിവർന്ന് വരുന്നത് പോലെ ഇടക്ക് കുരക്കാൻ മറക്കാത്ത ഒരു കൂട്ടർ.
വരുന്നവനെ ഒരു മൂന്ന് തവണ നടത്തിച്ചാൽ മാത്രമേ ഞാൻ ഈ ഉദ്യോഗത്തിന് പാകമാവുക ഉള്ളൂ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം.
ഈ ഓഫീസിന്റെ മുഴുവൻ ജോലിയും ഞാൻ ഒറ്റക്കാണ് ചെയ്യുന്നത് എന്ന് മനസ്സിൽ സ്വയം കരുതുകയും വരുന്നവനോടെ അതിൻ്റെ നീരസം കാണിക്കുകയും ചെയ്യാൻ ഒരു കൂട്ടർ ഉണ്ട്.
മേശപ്പുറത്ത് ഒരു ചായ വെക്കാൻ പോലും സ്ഥലം വെക്കാതെ ഫയൽ നിരത്തി എനിക്ക് ഒരു പാട് പണികൾ ഉണ്ട് ചെയ്ത് തീർക്കാൻ എന്ന് ശാരീരിക ഭാഷയില്ലാതെ പറയാൻ പറ്റുന്ന മറ്റൊരു കൂട്ടർ.
മുന്നിൽ ഒരു കസേര ഉണ്ടെങ്കിലും ഒന്ന് ഇരിക്കാൻ പറഞ്ഞാൽ തൻ്റെ സ്ഥാനം ചെറുതാവുമോ എന്ന് ചിന്തിക്കുന്നവർ ....
ഗൗരവക്കാരൻ അല്ലെങ്കിൽ തൻ്റെടുത്ത് വരുന്നവർ അധിക സ്വാതന്ത്ര൦ എടുക്കുമോ എന്ന് കരുതി പരമാവധി മസ്സിൽ പിടിച്ച് ഇരിക്കുന്നവർ...
വീട്ടിൽ കഥ പറയാൻ സമയം കിട്ടാത്തതിനാൽ എല്ലാ കഥകളും ജോലി സമയം സഹപ്രവർത്തകരോട് പറഞ്ഞു തീർക്കേണ്ട തിരക്കുള്ളവർ ...
തൻ്റെ കംപ്യൂട്ടർ പരിജ്ഞാന കുറവ് പരിഹരിക്കാതെ സർവ്വറിന് കുറ്റങ്ങൾ ചാർത്താൻ വെമ്പുന്നവർ...
കീ ബോർഡിലെ അക്ഷരങ്ങൾ പലതും അറിയാതെ തപ്പി തപ്പി ക്ലെച്ചും ബ്രേക്കും ആക്സിലേറ്ററും ഞാൻ ഒറ്റക്ക് തന്നെ ഒരേ സമയം എങ്ങിനെ കൈ കാര്യം ചെയ്യും എന്ന പോലെ Ctrl ,Shift ഒക്കെ ഒരേ സമയം അക്ഷരങ്ങളോടപ്പം ഉപയോഗിക്കാൻ പാട് പെടുന്നവർ ....
എന്തെങ്കിലും ചോദിച്ചാൽ അത് ഫയലിൽ അല്ലെങ്കിൽ രജിസ്റ്ററിൽ ആണ് എന്ന് വാദിക്കുന്നവർ ....ഫയൽ രജിസ്റ്റർ പരിശോധിച്ച് കൂടെ എന്ന് ചോദിക്കുമ്പോൾ കണ്ണുരുട്ടി നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ എന്ന തരത്തിൽ ഒരു നോട്ടവും അത് പരതാൻ ഇപ്പോൾ സമയം ഇല്ല എന്ന ഒരു ഉത്തരവും...
ഒന്നും ഞാൻ നോക്കിയാൽ കാണുകയില്ല കണ്ട് പിടിക്കുകയും ഇല്ല എന്ന വാശിയുള്ള കുറെ പേർ.ഓഫീസിലെ എല്ലാം കണ്ടത്തൽ പ്യൂൺ എന്ന സെർച്ച് എൻജിന് കൈ മാറുന്നവർ .
ഞാൻ മേൽ ഉദ്യോഗസ്ഥൻ ആണ് എന്നും ഇവരെല്ലാം എൻ്റെ കീഴാളന്മാർ ആണ് എന്നും വിശ്വസിക്കുന്നവർ.....ആജ്ഞാപിക്കുന്നു അനുസരിക്കുക എന്ന സൈദ്ധാന്തികർ....
ഒന്നും എൻ്റെ ചുമതല അല്ല എല്ലാം മേൽ ഉദ്യോഗസ്ഥൻറെ ചുമതല മാത്രമാണ് എന്ന് തിരിച്ചും ചിന്തിക്കുന്ന കാലാൾ സേന ....
ജോലി ചെയ്യാൻ ഒരു മടിയും ഇല്ലാത്തവന്റെ മുതുകിലേക്ക് തൻ്റെ ജോലികൾ കൂടി തട്ടി കൊടുത്ത് എങ്ങിനെ പരമാനന്ദം നേടാൻ പറ്റും എന്ന് തിരക്കി നടക്കുന്നവർ ....
ശമ്പളം കൂടാതെ കിമ്പളം വാങ്ങിയാലേ പണി നീങ്ങൂ എന്ന് പറയാതെ പറയുന്നവർ ....അത് കയ്യിൽ എത്തിയാൽ പിന്നെ നിങ്ങൾക്ക് വേണ്ടിയാണ് ഈ സ്ഥാപനം നിലകൊള്ളുന്നത് എന്ന തരത്തിൽ ജോലി തീർപ്പാക്കാൻ ഓടി നടക്കുന്നവർ ...
മുകളിലെ ഏമാന്മാരെ സുഖിപ്പിച്ചാൽ മാത്രമേ തൻ്റെ നില നിൽപ്പും പ്രൊമോഷനും സ്ഥല മാറ്റങ്ങളും എളുപ്പത്തിൽ ആവുകയുള്ളൂ എന്നത് കൊണ്ട് സാർ എന്ന് നീട്ടി വിളിക്കുന്നവർ ...
ഞാൻ തിരക്കിൽ ആണ് നിങ്ങൾ ഇപ്പോൾ പോയി പിന്നെ വരണം എന്നാവശ്യപ്പെടാൻ തിരക്ക് അഭിനയിക്കുന്നവർ .....
ഇല്ല ഇനി ഞാൻ പറയുന്നില്ല .....പക്ഷെ കാര്യം കൂടി എഴുതി ഞാൻ നിർത്താം ...
ഇതിനിടയിലും ഈ ഓഫീസുകൾ ഭംഗിയായി നടക്കുന്നു എന്ന് ചോദിക്കുമ്പോൾ വലിയ ഭംഗിയിൽ അല്ലെങ്കിലും ഈ ജോലിക്ക് എനിക്ക് ശമ്പളം കിട്ടുന്നു...ജനങ്ങൾ നൽകുന്ന നികുതി പണം വാങ്ങുന്ന ഞാൻ ജോലി ചെയ്യാൻ ബാധ്യസ്ഥൻ ആണ് എന്നത് തിരിച്ചറിയുന്ന ഒരു പറ്റം ആളുകൾ ഈ കൂട്ടത്തിൽ ഉണ്ട് ....പിന്നെ കൂട്ടത്തിൽ രണ്ടിന്റെയും ഇടയിൽ കിടന്ന് ഒഴുകുന്നവരും ...അവരിൽ ചിലർ നിങ്ങളോട് ചിലപ്പോൾ ചിരിക്കും , ചിലപ്പോൾ ഇരിക്കാൻ പറയും , ചിലപ്പോൾ രേഖകളുമായി നിങ്ങളുടെ അരികിൽ നടന്നു വരും ....അത് കണ്ടിട്ട് നിങ്ങൾക്ക് തെറ്റിധാരണ വേണ്ട നിങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് എത്തിയതാണ് എന്ന്
...."നിങ്ങൾ ഇന്നും നിൽക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണ്"....
ഇവിടെ ഇപ്പോഴും ഐ എസ്സ് ഒ രേഖകളിൽ നിലനിൽക്കുന്നു ......🙃
ഓൺലൈൻ വഴി മാത്രം കാര്യങ്ങൾ നടന്നാൽ ഈ കുതിര കയറ്റം വെറും അക്ഷയക്കാരൻറെ അവകാശം മാത്രം ഒതുങ്ങിപോയാലോ.......😜
ബ്രദർ മുനീർ
27/ 02/ 2021
<

Wednesday, February 24, 2021

നാല് അനുഭവങ്ങൾ......


ഓഫീസിൽ തിരക്കിലാണ് എങ്കിലും അയാളെ വീണ്ടും ഓഫീലേക്കുള്ള വഴിയിൽ കണ്ടപ്പോൾ അയാളുടെ അടക്കം 4 അനുഭവങ്ങൾ പങ്ക് വെക്കണം എന്ന് തോന്നി....
അനുഭവം 1:ഇൻഷുറൻസ് കമ്പനിയിലേക്ക്‌ ഒരു മീറ്റിംഗിൽ പങ്കെടുക്കാനുള്ള സ്‌കൂട്ടർ യാത്രയിൽ ആണ്. ഹൈവെയിൽ കൂടി സഞ്ചരിക്കുന്ന എന്നെ മുചക്ര സ്‌കൂട്ടറിൽ ഇരുന്നു ഒരാൾ വിളിക്കുന്നു. ഞാൻ വണ്ടി സൈഡ് ആക്കി ഇറങ്ങി ചെന്നു. ഒരു കാലി മീൻ പെട്ടി സ്‌കൂട്ടറിന്റെ പിറകിൽ ഉണ്ട്. പണിയൊന്നും ഇല്ല എന്തെങ്കിലും സഹായിക്കണം.തിരക്കിൽ സഞ്ചരിക്കുന്ന എന്നെ കൈകാട്ടി നിർത്തി അദ്ദേഹത്തിന്റെ അവകാശം ചോദിച്ചപ്പോൾ ചെറിയ നീരസം ഉണ്ടായിയിരുന്നു. അതിനൊരു കാരണം കാലിയായ പോക്കറ്റും ആയിരുന്നു. പെട്രോൾ അടിക്കാനും വെള്ളം കുടിക്കാനും കരുതിയ പണത്തിൽ നിന്നും അദ്ദേഹത്തിന്റെ ഓഹരി കൊടുത്തു. പിന്നീട് കഴിഞ്ഞ 6 മാസക്കാലത്തെ ഇടവേളയിൽ 50 തവണ അയാളെ കണ്ടിട്ടുണ്ട്. അയാളുടെ മീൻ പെട്ടി കാലി തന്നെയാണ്. പക്ഷെ വണ്ടി നിർത്തി മുചക്ര വാഹനത്തിന്റെ അടുത്ത് നിൽക്കുന്നവർ എനിക്ക് പകരം മറ്റ് പലരും എന്ന് മാത്രം... അത് അദ്ദേഹത്തിന്റെ തൊഴിൽ ആയിട്ടാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.... യാചനയുടെ വാണിജ്യ സാധ്യതയാണ് ഇത്തരക്കാർ ഉപയോഗിച്ച് നമ്മെ വിഡ്ഢിയാക്കുന്നത്.

അനുഭവം2:എന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന പട്ടണത്തിൽ നമസ്കാര പള്ളികൾ നമസ്കാരം കഴിഞ്ഞു ഇറങ്ങുന്ന സമയത്ത് ഒരു മുചക്ര സൈക്കിളിൽ ഇരുന്നു കൈ നീട്ടുന്ന ഒരു മനുഷ്യൻ, പള്ളി സമയം അല്ലെങ്കിൽ വിവിധ ഭാഗങ്ങളിൽ കണ്ട് വരാറുണ്ട്. പടച്ചവൻ നമുക്ക് നൽകിയ വിഹിതത്തിൽ ഇദ്ദേഹത്തിന്റെ അവകാശം കൂടി ഉണ്ട് എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് അദ്ദേഹത്തിനു നേരെ ഞാനും കൈ നീട്ടാറുണ്ട്. കുറെ നാളുകൾ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരിക്കൽ തിരക്കി ചെറിയ തോതിൽ എന്തെങ്കിലും കച്ചവടം ചെയ്യുകയാണെങ്കിൽ തുടക്കത്തിൽ ഞാൻ സഹായിക്കാം. കുറച്ച് സമയം ആലോചിച്ചു അദ്ദേഹം ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു. ഞാൻ കുറച്ചു പണം അദ്ദേഹത്തിനു നൽകാൻ മാറ്റി വെച്ചു. പിന്നീട് കണ്ടപ്പോൾ പറഞ്ഞു കുടുംബ പ്രശ്‌നങ്ങൾ ഒക്കെയാണ് അത് കൊണ്ട് ഇപ്പോൾ കച്ചവടം ആലോചിക്കാൻ പറ്റില്ല . അദ്ദേഹത്തിന്റെ ജീവിതത്തെ പിന്തുടരാൻ സമയം അനുവദിക്കാതെ കൊണ്ട് ഞാൻ മാറ്റി വെച്ച തുകയുടെ പകുതി ഞാൻ നൽകി അത് അവസാനിപ്പിച്ചു. സങ്കടം പറയട്ടെ ഇന്നും പഴയ അതേ അവസ്ഥയിൽ കൈ നീട്ടി ആ മനുഷ്യൻ തുടരുന്നു..... ചിലരുടെ കൈകൾ അങ്ങനെ ആണ് അത് എപ്പോഴും താഴെ തന്നെയിരിക്കും...

അനുഭവം 3:ഭാര്യ PSC Coaching നായി പോവുന്ന സമയം അത് കഴിഞ്ഞു മകനെ ഡോക്ടറെ കാണിക്കാനായി ഞാനും മകനും ഭാര്യയെ കാത്ത് ഇൻസ്റ്റിറ്റ്യൂട്ടിനു താഴെ ഭാഗത്ത് കാത്ത് നിൽക്കുന്ന സമയം ഒരാൾ ആ ടൗണിൽ ഞങ്ങൾക്ക് കുറച്ച് അകലെ നിൽക്കുന്ന ഒരു ജ്യൂസ്‌ കടയിൽ പുറമെ ഇരുന്ന് ജ്യുസും സ്നാക്ക്സ് കഴിച്ച് കൊണ്ടിരിക്കുന്ന ആളുകളോട് എന്തോ ചോദിക്കുന്നു കൈ നീട്ടുന്നു. പോയ്കൊള്ളാൻ ആംഗ്യം കാണിക്കുന്നത് ദൂരെ നിന്ന് എനിക്കും മകനും കാണാം . അയാൾ എന്റെ ദിശയിൽ നടന്ന് വരുമ്പോൾ ടൗണിൽ കൂടി നടന്ന് പോവുന്ന ജന സഞ്ചയത്തിന് നേരെ അതേ കൈ നീട്ടുന്നു. അവഗണിച്ചു അവർ മുന്നോട്ട് പോവുന്നു.ഞാനും മകനും ശ്രദ്ധിച്ച് ഇരിക്കുന്നു.... അയാൾ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ ഞങ്ങൾ രണ്ട് പേരും പ്രശ്നം അയാളോട് ചോദിക്കുന്നു. വസ്ത്രം മുഷിഞ്ഞ അദ്ദേഹത്തിനു മറ്റ് നാറ്റം ഒന്നും (കള്ളിന്റെ) അനുഭവപെട്ടില്ല. ആഗതൻ ആവശ്യം പറയുന്നു. വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിക്കാൻ വല്ലതും തരണം... ഞാനും മകനും അയാളെയും കൂട്ടി അടുത്ത ഹോട്ടലിൽ കയറി വേണ്ടത് ഓർഡർ ചെയ്യാൻ പറഞ്ഞു. മൂന്ന് മസാല ദോശ കഴിച്ച് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. എന്റെയും മകന്റെയും...ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന് നൽകാൻ പറ്റിയ ഒരു വലിയ സമ്മാനം ആയിരുന്നു എനിക്ക് അത്... മീൻ പണിക്ക് കന്യാകുമാരിയിൽ നിന്ന് വന്നു ജോലി ഇല്ലാതെ ഇരിക്കുന്ന ഒരു കുടുംബ നാഥൻ ആയിരുന്നു അദ്ദേഹം......വയർ പൊരിയാതെ എന്നെയും കുടുംബത്തേയും കാത്ത് സൂക്ഷിക്കുന്ന സൃഷ്ടി കർത്താവിനെ ഒരിക്കൽ കൂടി സ്തുതിക്കാൻ ഞങ്ങൾക്ക്‌ അത് ഒരു അവസരം ആയി മാറി.... നമുക്ക് ചുറ്റും യഥാർത്ഥത്തിൽ ഇത്തരക്കാർ ഉണ്ടാവും നാം തിരിച്ചറിയാതെ പോകരുത്.....

അനുഭവം 4:ഓഫീസിലേക്കുള്ള വഴിയിൽ ഞങ്ങളുടെ നാട്ടിൽ അധികം കണ്ട്‌ വരാത്ത പനതേങ്ങ റോഡരികിൽ ഒരു തണലിൽ വിൽക്കുന്നത് കണ്ട്‌ വണ്ടി നിർത്തി കുടിക്കുവാൻ ഓർഡർ ചെയ്യുന്നു . അപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചത് വളരെ കുറുകിയ നടക്കാൻ സ്വാധീനം ഇല്ലാത്ത ഒരു കൈ പൂർണ്ണ വളർച്ച ഇല്ലാത്ത ഒരു മനുഷ്യൻ ... കാഴ്ച്ചയിൽ ഒരു തമിഴ്നാട് കാരൻ ആണ് എന്ന് തോന്നുന്നു. ഉള്ള ഒരു കൈയും മറ്റേ കൈയുടെ പകുതിയും ചേർത്ത് അത് അദ്ദേഹം ഭംഗിയായി ചെത്തി തന്നു. 100 രൂപ നൽകി ബാക്കി അദ്ദേഹത്തിന്റെ കൈയിൽ വെക്കാൻ പറഞ്ഞപ്പോൾ 70രൂപ നൽകി അദ്ദേഹം എന്നോട് പറഞ്ഞു.... സാർ (തമിഴ് നാട്ടുകാർ എല്ലാവരെയും പൊതുവെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുക )"ആരോഗ്യം ഉള്ള കാലത്ത് ഞാൻ അധ്വാനിച്ച് കുടുംബം പോറ്റും"....
*ദൈവം നമുക്കും ആ തുണ നൽകട്ടെ*.....
ബ്രദർ മുനീർ...
24/2/21

Sunday, February 21, 2021

രണ്ടു മണിക്കൂർ വിദ്യാർത്ഥി

 ദാരിദ്ര്യത്തിനു ഒരു കുറവും ഇല്ലാത്ത ഒരു കോളേജ് കാലമായിരുന്നു പ്രീഡിഗ്രി കാലം .... ഗവ:കോളേജിൽ പഠനം .. ഓട്ടോ ഡ്രൈവർ ആയും സോഡാ കമ്പനി തൊഴിലാളിയായും ജീവിതം മുന്നോട്ട് കൊണ്ട് പോയ കാലം.... കോളേജിൽ എത്തുക 10:10 ബസ്സിൽ,തിരിച്ചു 12:15 ബസ്സിൽ.... ഉച്ചക്ക് വീട്ടിൽ എത്തി ചോറും അകത്താക്കി സോഡാ കമ്പനിയിലേക്ക്. അടുത്ത ബഞ്ചിൽ ഇരിക്കുന്നവർക്കല്ലാതെ എന്നെയറിയില്ല. പിന്നെ പല അദ്ധ്യാപകരും എന്നെ കണ്ടിട്ടില്ല.എനിക്ക് ആണെങ്കിൽ കോളേജിൽ എത്തിയാൽ അന്ന് പണി ചെയ്തു തീർക്കാനുള്ള സോഡാ പെട്ടികളെ സംബന്ധിച്ച് ആയിരുന്നു ആകുലത .ക്യാമ്പസ് പൂർണ്ണമായി ഞാൻ കണ്ടിട്ടുണ്ടാവില്ല.

ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ് ആരംഭിച്ചു 5-6 മാസം സമയത്തിന് ശേഷം ഒരു പുതിയ അദ്ധ്യാപകൻ സ്ഥലം മാറി വന്നു ഇതൊന്നും ഞാൻ അറിഞ്ഞില്ല.ആരൊക്കെ എന്തൊക്കെ പഠിപ്പിക്കുന്നു എന്ന ധാരണ എനിക്ക് കൃത്യമായി ഉണ്ടായിരുന്നില്ല. ഞാൻ ആദ്യ രണ്ട് മണിക്കൂർ വിദ്യാർത്ഥി മാത്രം ആയിരുന്നു. ആകെയുണ്ടായിരുന്ന രണ്ട് പാന്റും കുപ്പായവും മാറി
മാറി അണിഞ്ഞു വന്ന ഞാൻ ഇതൊന്നും ആരും അറിയാതിരിക്കാൻ ഒരു അകൽച്ച എല്ലാവരും ആയി കാത്തു സൂക്ഷിച്ചു കൊണ്ടിരുന്നു. മലയാളം മീഡിയ പഠിച്ച ഞാൻ ഇംഗ്ലീഷിൽ ക്ലാസ്സ് എടുക്കുന്നത് എല്ലാം മനസ്സിൽ ആവുന്നു എന്ന ഭാവത്തോടെ നോക്കി ഇരുന്നു. ചോദ്യം ചോദിച്ചാൽ അത് എന്താണ് എന്ന് മനസ്സിലാക്കാൻ മലയാളം മീഡിയക്കാരൻ ആയ എനിക്ക് അന്ന് പറ്റില്ലായിരുന്നു. ഒരു ദിവസം പുതിയ അധ്യാപകൻ സമയം തെറ്റി രണ്ടാം മണിക്കൂറിൽ വന്നു ആദ്യമായി എന്നെ കണ്ട അദ്ദേഹം എന്റെ പേര് ചോദിച്ചു പേര് പറഞ്ഞപ്പോൾ അറ്റൻഡൻസ് ഷീറ്റ് പരിശോധിച്ചു സ്റ്റാഫ്‌ റൂമിൽ വരാൻ പറഞ്ഞു.

ക്ലാസ്സ്‌ കഴിഞ്ഞു ചെന്നപ്പോൾ അയാൾ എന്നെ ചൂണ്ടി ഡിപ്പാർട്മെന്റ് ഹെഡിനോട് ചോദിച്ചു ഇയാളെ അറിയാമോ... അദ്ദേഹം ഇല്ല എന്ന് പറഞ്ഞു.... അതെ ഡിപ്പാർട്മെന്റിലെ രണ്ട് മൂന്ന് അദ്ധ്യാപകർ അവിടെയുണ്ടായിരുന്നു. ചോദ്യം അവരിലേക്ക് കൈമാറി.... അവർക്കും അറിയില്ല... പിന്നെ ചോദ്യം എന്നോടായി. വർഷവസാനം ആയ ഈ സമയം വരെ "അങ്ങ്" എവിടെയായിരുന്നു.... എനിക്ക് ഒരു വിറ ഉണ്ടായിരുന്നു പിന്നെ ചുറ്റിയിട്ട് ചോദ്യം ചെയ്യുന്നത് ആദ്യമായി നേരിടുന്ന ഒരു സങ്കടവും.. ചോദ്യം കൂടി വന്നപ്പോൾ എന്റെ കഥ കണ്ണീരോടെ പറഞ്ഞു.... ചിലരുടെ മിഴികൾ നനഞ്ഞു... അവർ എനിക്ക് ഒരു ഉറപ്പ് തന്നു ഹാജർ ഇല്ലാത്തത് കൊണ്ട് നീ പരീക്ഷ എഴുതാതിരിക്കില്ല. അവരുടെയൊക്കെ കണ്ണടക്കലിൽ അതെ കോളേജിൽ ഡിഗ്രിയും ഞാൻ പൂർത്തിയാക്കി പി ജി വരെ പഠനവും ജോലിയും ഒന്നിച്ച് കൊണ്ട് പോവാൻ സാധിച്ചത് നല്ല പല അധ്യാപകരുടെ നല്ല മനസ്സ് കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ ഇന്നും ആ പ്രീഡിഗ്രിക്കാരൻ ആയി സോഡാ കമ്പനിയിൽ ജീവിതം ഒതുങ്ങിയ വിദ്യാർത്ഥി ആയേനെ ... ഈ സമയത്തും അവരോടുള്ള നന്ദി ഞാൻ മനസ്സിന്റെ ഉള്ളറകളിൽ സൂക്ഷിക്കുന്നു. പിന്നെ വേറെ പാന്റ് കുപ്പായവും ഇല്ലെ എന്ന് ചോദിക്കാത്ത എന്റെ ഓരോ ക്ലാസ്സിലെയും രണ്ട് മണിക്കൂർ സഹപാഠികളോടും...ആരെങ്കിലും എന്നെ നേരിട്ടറിയുന്നവർ ഇവിടെ ഉണ്ടെങ്കിൽ ഇതൊന്നും നേരിൽ കാണുമ്പോൾ ചോദിക്കരുതേ..🤭.🙏😀🤗
Like
Comment
Share

Saturday, January 23, 2021

ഉപ്പയും ഉമ്മയും

 *ഒരു മകൻ ഒരിക്കൽ അവൻ്റെ മ്മയോട് ചോദിച്ചു.*

*മക്കളായ ഞങ്ങളെ, വളർത്താൻ ബാപ്പയാണോ മ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??*
*ആ മ്മ തൻ്റെ മകനോട് പറഞ്ഞു- "ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു*

*കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ ബാപ്പയുടെ ത്യാഗം ഒന്നും ഈ മ്മയ്ക്ക് ഇല്ല.* "

ഒരു കാലത്ത് കാൽ നടയായി കൊയിലാണ്ടി മുതൽ തിക്കോടി വരെ ബേക്കറി സാധനം തല ചുമടായി കൊണ്ട് വന്ന് വീടുകൾ തോറും വിൽപ്പന നടത്തിയാണ് നമുക്കുള്ള ആഹാരത്തിന് വക ബാപ്പ കണ്ടെത്തിയത് . പിന്നീട് ഹോട്ടൽ തൊഴിലാളിയും ഓട്ടോ തൊഴിലാളിയും തേങ്ങ തൊഴിലാളിയും പ്രാവാസിയും ആയി എത്ര എത്ര വേഷങ്ങൾ ബാപ്പ നമുക്ക് വേണ്ടി അണഞ്ഞു .
*പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടുകയായിരുന്നു.*
*നമുക്ക് ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ബാപ്പാൻറെ വിയർപ്പാണ് ഞാനും നിങ്ങളും ഈ കുടുംബവും.*
,
*ആ മകൻ ഇതേ ചോദ്യം അവൻറെ ബാപ്പാനോടും ചോദിച്ചു....*
*ബാപ്പയുടെ മറുപടി... മറ്റൊന്നായിരുന്നു ....*💖

* "നിങ്ങളുടെ മ്മയുടെ ത്യാഗം അതെത്ര എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ അവൾ സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. എൻ്റെ വരവുകൾ അറിഞ്ഞു അവൾ ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം ഉള്ളത് അല്ലാതെ....

💝... അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി പൊരുതുകയായിരുന്നു ... അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല...*

*ആ മകൻ അവൻ്റെ സഹോദരങ്ങളോട് പറഞ്ഞു ഈ "ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...*

*💖ബാപ്പന്റെ ത്യാഗം മനസ്സിലാക്കുന്ന മ്മയും ,മ്മയുടെ ത്യാഗം മനസ്സിലാക്കുന്ന ബാപ്പയും 💖 അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....
മാതാപിതാക്കൾ നമ്മുടെ ജീവിതത്തിലെ മുത്ത് രത്നങ്ങൾ ആവട്ടെ ....നിങ്ങളുടെ മാതാവിൻറെ കാൽ ചുവട്ടിൽ ആവട്ടെ നിങ്ങളുടെ സ്വർഗം ...💖💝🌷😍😘..*
Newer Posts » « Older Posts Home