പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Wednesday, March 11, 2020

കട്ടില്‍

ഒരു കട്ടില്‍......അങ്ങിനെ പറഞ്ഞാല്‍ പോര രണ്ടു കട്ടില്‍...കാരണം ആ കട്ടിലില്‍ മുകളിലും താഴെയുമായി രണ്ടുപേര്‍ ഉണ്ടായിരുന്നു !! ആ കട്ടിലിനടിയിലായി ചെറുതും വലുതുമായ നാട്ടില്‍ നിന്നു കൊണ്ട് വന്നതും സ്ഥിരമായി ഇവിടെ സൂക്ഷിക്കുന്നതുമായ ബാഗുകളുണ്ടായിരിക്കും...ചിലപ്പോള്‍ വാടക കൊടുക്കാതെ നാട്ടില്‍  പോകുമ്പോള്‍  ആ പണം കൂടെ കുടുംബത്തിനു എത്തിക്കാന്‍ പാടു പെടുന്ന കട്ടിലിന്‍റെ അയല്‍പക്കകകാരന്‍  സൂക്ഷിക്കുന്ന ബാഗുകളും ഉണ്ടാവും... ബാഗുകളില്‍  കൂടുതലും വസ്ത്രങ്ങളായിരിക്കും ...വസ്ത്രങ്ങള്‍ പലതുണ്ട് കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ധരിക്കുന്നവ സമ്പാദിക്കാന്‍ ധരിക്കുന്നവ, വിശ്രമത്തിനായി ധരിക്കുന്നവ,ആരാധനക്കായി ധരിക്കുന്നവ വസ്ത്രങ്ങളുടെ നിര ഇങ്ങനെ നീണ്ടു പോവുന്ന...,പിന്നെ ലീവ് പോകുവാന്‍ ഒരുക്കി വെക്കുന്ന അപ്പപ്പോള്‍ വാങ്ങണം എന്ന് തോന്നുന്ന കൊച്ചു-കൊച്ചു സമ്മാനങ്ങള്‍.....,പിന്നെ ഒരു പ്ലാസ്റ്റിക് ബോക്സ്‌ ആണ് അതില്‍ ടൂത്ത് ബ്രഷും,പല്ല് തേക്കാന്‍ നാട്ടില്‍ നിന്നു കൊണ്ട് വന്ന ഉമിക്കരിയും,നാട്ടില്‍ നിന്നും വരുമ്പോള്‍ കൊണ്ട് വരുന്ന പ്രിയപ്പെട്ട ചന്ദ്രിക സോപ്പും (ഇപ്പോള്‍ ഇതൊക്കെ ഇവിടെ തന്നെ കിട്ടുന്നുണ്ട്‌),പിന്നെ മുഖത്തിന്‍റെ മാറ്റം ഇടക്ക് നോക്കി രസിക്കാനുള്ള കണ്ണാടിയും ഒരു ചീര്‍പ്പും,ഇടക്ക് തണുപ്പ് കൂടുമ്പോള്‍ ഉപയോഗിക്കുന്ന വാസ്ലിന്‍ ജെല്ലിയും,തലവേദന,പല്ല് വേദന തുടങ്ങിയവക്കുള്ള ഒന്ന് രണ്ടു മെഡിസിന്‍ പിന്നെ പനി വരുന്നോ എന്ന് തോന്നുമ്പോള്‍ സ്വയം ചികിത്സ ചെയ്യാന്‍ കൂടെ കൊണ്ട് നടക്കുന്ന പാരസെറ്റമോള്‍ ഗുളിക പിന്നെ ഒരു സ്റ്റീല്‍പ്ലേറ്റും സ്റ്റീല്‍ ഗ്ലാസും വേറെ ഉള്ളത്  ഒരു രഹസ്യ വസ്തുവാണ് നാട്ടില്‍ നിന്നു പലഹാരം കൊണ്ട് വന്ന കാര്‍ഡ്ബോര്‍ഡ് ബോക്സും അതില്‍ ആരും കാണാതെ കൊറിക്കാന്‍  റൂമില്‍ വിതരണം കഴിഞ്ഞു ഒളിപ്പിച്ചു വച്ച ഉമ്മ ഉണ്ടാക്കി തന്ന കോഴി അടയുടെ പൊടിഞ്ഞ അവശിഷ്ടങ്ങളും!!


പ്രവാസി ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പ്രവാസിയല്ല! കാരണം പുതിയ യുഗത്തിലെ വീഡിയോ കോള്‍ ചെയ്തു എനിക്ക് വീട്ടിലെ ഓരോ അംഗത്തോടും സംസാരിക്കാന്‍ കഴിയുന്നുണ്ട്.ഭാര്യയോടു ശൃംഗരിക്കുന്നു,ഉമ്മയോട് മുട്ട് വേദനയുടെ കാര്യം തിരക്കുന്നു,ബാപ്പയുടെ ആണി രോഗത്തിന്‍റെ അവസ്ഥ അറിയുന്നു.നാട്ടിലെ കല്യാണം കൂടിയില്ലെങ്കിലും, കല്യാണം കൂടിയ ആളിനേക്കാള്‍ വാട്ട്സ്അപ്പ് ഫോട്ടോകളില്‍ നിന്നും കല്യാണം ആസ്വദിക്കുന്നു.മരണങ്ങള്‍ അയല്‍പക്കക്കാരന്‍ അറിയുന്നതിന് മുമ്പേ ഞാന്‍ അറിയുന്നു! നാട്ടിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റ് കത്തിക്കാന്‍ ഞാന്‍ ഗ്രൂപ്പുകളില്‍ ഓടിനടക്കുന്നു.പട്ടിണിക്കാരന്റെ ഭക്ഷണ കിറ്റില്‍ എന്‍റെ സമ്പാദ്യത്തിന്റെ വിഹിതമുണ്ട്‌.നാട്ടിലെ അനാഥകുട്ടിയുടെ കല്യാണം നടത്താന്‍ ഞാന്‍ മരുഭൂമിയിലും ഓടുന്നു..റസിഡന്‍സ് അസോസിയേഷന്‍ മീറ്റിങ്ങില്‍ എന്‍റെ ഓണ്‍ലൈന്‍ സാന്നിധ്യവും എന്‍റെ അഭിപ്രായവും ഉണ്ട്..പിന്നെ ഞാന്‍ എങ്ങിനെ പ്രവാസിയാവും??!! ഒരു 'പ്രയാസിയാണ്' എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരാം...


എന്‍റെ മണിയറയും മട്ടുപ്പാവും വരാന്തയും എല്ലാം എന്‍റെ കട്ടിൽ തന്നെയാണ്.. ഞാന്‍ നാട്ടിലെ വാര്‍ത്തകള്‍ അറിയുന്നതും നാടിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും ഈ കട്ടിലില്‍ ഇരുന്നും കിടന്നും തന്നെ...എന്‍റെ സ്വപ്നങ്ങളും പ്ലാനുകളും നെയ്തുണ്ടാക്കുമ്പോള്‍ കട്ടില്‍ എന്‍റെ സഹ യാത്രികന് ആണ്... കെട്ടി പിടിക്കാന്‍,പൊത്തികരയാന്‍  തലയണകള്‍ എനിക്ക് കൂട്ടാവുന്നു...ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി തല ചായ്ക്കുമ്പോള്‍ ഉണ്ടാവുന്ന കിരി-കിരി ശബ്ദം മുകളില്‍ താമസിക്കുന്ന കൂടെ പിറപ്പിനു ഉണ്ടാക്കുന്ന പ്രയാസവും കൊച്ചു പിണക്കങ്ങളും ഈ കട്ടില്‍ മാത്രം അറിയുന്ന കുഞ്ഞു രസങ്ങള്‍ മാത്രം...കട്ടിലിന്‍റെ മുകളിലേക്ക് ഒരു കോണിയുടെ സഹായം പോലുമില്ലാതെ കയറുന്ന കൂടെ പിറപ്പിന് സമ്മതിക്കണം..കാരണം രാത്രി കാല ഡ്യൂട്ടിയുള്ള ആ ചെറുപ്പക്കാരന്‍ ഡ്യൂട്ടി കഴിഞ്ഞു എന്നെ ഒട്ടും അലസപ്പെടുത്താതെ അതിന്‍റെ മുകളില്‍ എങ്ങിനെയോ കയറി പറ്റുന്നു. പ്രവാസജീവിതത്തില്‍ അദ്ദേഹം നേടിയ മികവാര്‍ന്ന ആയോധനകലയായിട്ടാണ് അത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
...........................................................................................................................................
"അല്ല ഭായി!..നിങ്ങള്‍ക്ക് ഇന്ന് ഡ്യുട്ടിയില്ലേ ... സമയം 6 മണി കഴിഞ്ഞു..... " (എന്‍റെ നാട്ടില്‍ ഈ ചോദ്യം ചോദിക്കണമെങ്കില്‍ സമയം 11 കഴിയണം)- എഴുന്നെല്‍ക്കാന്‍ വൈകിയാല്‍ വിളിച്ചുണര്‍ത്തുന്ന കാര്യത്തില്‍ സഹജീവികള്‍ക്ക് നല്ല ശുഷ്കാന്തിയാണ്!!

"വാട്ട്സ്അപ്പിലും ഫേസ്ബുക്കിലും ഇരുന്നിരുന്നു രാത്രി ഉറങ്ങാന്‍ കുറെ വൈകി...അല്ലെങ്കിലും ഈ 'പ്രവാസത്തിന്‍റെ ഏറ്റവും ആസ്വാദനം സ്മാര്‍ട്ട് ഫോണിന്‍റെ സ്ക്രീനില്‍ ആണ്'.

"തലക്ക് വല്ലാത്ത ഒരു കനം"...( തലക്കനം ഉള്ള കൂട്ടത്തിലാണെന്ന്  സഹജീവികളുടെ സര്‍ട്ടിഫിക്കറ്റ്‌ എനിക്ക് ഉണ്ട് )....ഇത് പക്ഷെ ഒന്ന് താഴോട്ടു കുനിയാല്‍ പറ്റാത്ത കനം അനുഭവപ്പെടുന്നു...കണ്ണിന്‍റെ മുകളില്‍ ഒന്നു അമര്‍ത്തി നോക്കി..ചെറിയ പനിയുണ്ട് .....ഇത് കഫകെട്ട് തന്നെ....പിന്നെ അധികം ആലോചിച്ചു നിന്നില്ല വെറും വയറ്റില്‍ ഒരു പാരസെറ്റമോള്‍ ഗുളിക വിഴുങ്ങി...ഡ്യൂട്ടി അല്ലെ ഇവിടം മുഖ്യം..!!


"അല്ലേഡോ, കഴിയുന്നില്ലെങ്കില്‍ ഇന്ന് ലീവ് ആക്ക്. എന്നിട്ട് ഒന്ന് നന്നായി ആവി പിടിക്കൂ...വന്നിട്ട് ഞാന്‍ കുരുമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് ഒരു WD40 ഉണ്ടാക്കി തരാം  ...കണ്ണൂര്‍ ഇസ്മായില്‍ക്കാന്റെ ഉപദേശം ...ഒരിക്കലും തട്ടാന്‍ പറ്റാത്ത മനുഷ്യന്‍..കഴിഞ്ഞ വെക്കേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ ചിക്കന്‍പോക്സ് പിടി കൂടിയപ്പോള്‍ അറബി വീട്ടില്‍ നിന്നും റോഡരികില്‍ നിന്നും വേപ്പിന്‍ ഇല മുറിച്ചു കൊണ്ട് വന്നു മെത്തയൊരുക്കിയ മനുഷ്യ സ്നേഹി...അന്ന് നാട്ടില്‍ നിന്നും വരുന്ന ആളുടെ കയ്യില്‍ പച്ച മരുന്ന് എത്തിച്ചു പത്ത്-പതിനഞ്ചു ദിവസം അദ്ദേഹം എന്നെ നോക്കി.സ്വന്തം അനുജന്‍ ഷറഫുവിനെ പോലും ഇങ്ങനെ നോക്കിയിട്ടുണ്ടാവില്ല..ദൈവത്തെ ഒരു പാടു സ്തുധിച്ചിട്ടുണ്ട് ഈ പ്രവാസ ലോകത്ത് നല്ല ഒരു പാടു മനുഷ്യരുടെ കൂടെ പിറപ്പാവാന്‍ സാധിച്ചതില്‍..ഇവരുടെ നന്മ  പാടലാണ് നാട്ടില്‍ പോയാല്‍ എന്‍റെ ഒരു പണി..ചിലപ്പോള്‍ ഭാര്യ പറഞ്ഞിട്ടുണ്ട് എന്നാല്‍ നിങ്ങള്‍ക്ക് അവരെയും കല്യാണം കഴിച്ച് അവിടെ തന്നെ അങ്ങ് കൂടിക്കൂടെ എന്ന്?!...ഇപ്പോയും ഭൂമിയില്‍   അവിടിവിടെ ഇത് പോലെ നല്ല മനസ്സുകള്‍ ബാക്കിയായത്  കൊണ്ടാവാം ദൈവം ഈ ഭൂമിയെ ഇങ്ങനെ നില നിര്‍ത്തി പോവുന്നത്!...അല്ലാതെ എന്ത് പറയാന്‍!?.


പക്ഷെ സാഹചര്യം അനുകൂലം അല്ല ഇന്ന് ലേബര്‍മാരുടെ ശമ്പള ദിവസം ആണ്.പോയിട്ടില്ലെങ്കില്‍ ആ പാവങ്ങളുടെ കുടുംബം ഇനിയും കാത്തിരിക്കണം.ചിന്താ ലോകത്ത് നിന്നപ്പോള്‍ കമ്പനിയുടെ വണ്ടി വന്നു മുമ്പില്‍ എത്തിയത് അറിഞ്ഞില്ല." ഭായി ആപ് കിദര്‍ ദേക്തെഹെ"(താങ്കള്‍ എങ്ങോട്ട് നോക്കി നില്‍ക്കുന്നു),കമ്പനി ഡ്രൈവര്‍ യുപിക്കാരന്‍  മുസ്താക് അഹമ്മദിന്‍റെ വിളിനാദം കാതില്‍ മുഴുകിയതും കമ്പനി വാനില്‍ പെട്ടെന്ന് കയറി വാതില്‍ അടച്ചു. സാധാരണ ഹിന്ദി ഗാനം കേള്‍ക്കാറുള്ള വാനില്‍ ഇന്ന് ആരും  ഹിയര്‍ഫോണ്‍ തിരികിയിട്ടില്ല...അടുത്തിരുന്ന തമിഴന്‍ എഞ്ചിനീയറോട്  പതിവുപോലെ സുഖ വിവരം തിരക്കി ....തിരിച്ചു, എന്‍റെ മുഖം കണ്ടിട്ടാവണം അവന്‍ "തവിയത്ത് ടീക്ക് നഹി ഹെ ക്യാ (എന്താ ഒരു അസുഖം) എന്ന് എന്നോടു ചോദിച്ചു...കുച്ച് നഹി! ബുക്കാര്‍  ഹെ (ഒന്നുമില്ല ചെറിയ ഒരു പനി)...പറയണ്ട താമസം അവന്‍ എന്‍റെ  തുടയും കാലും വിട്ട് ഒരു ഗ്യാപ് ഉണ്ടാക്കി ഇരുന്നു..

.............................................................................................................

റേഡിയോ മുസ്താക്ക് ഓണ്‍ ചെയ്തതും കൊറോണ സംബന്ധിച്ച വാര്ത്തയാണ് കേട്ടത്...അത് ചൈനീസ്‌ അതിര്‍ത്തിയും കടന്നു ഇറാനിലൂടെ ഞാന്‍ നില്‍ക്കുന്ന രാജ്യത്ത് എത്തി നില്‍ക്കുന്നു!...റേഡിയോയില്‍ ആരോഗ്യ രംഗത്തുള്ളവരുടെ ചര്‍ച്ച കേള്‍ക്കുന്നുണ്ടായിരുന്നു,അതിനിടയില്‍ എനിക്ക് കലശലായ തുമ്മല്‍ ഉണ്ടായി..ഉള്ളില്‍ നിന്നും ഏറെ പ്രയാസപ്പെട്ടു അത് ഞാന്‍ പിടിച്ച് കെട്ടാന്‍ നോക്കിയെങ്കിലും അത് പുറത്തേക്ക് എടുത്തു ചാടി....അല്‍ഹംദുലില്ലാ (ദൈവത്തിനു സ്തുതി) ഞാന്‍ മെല്ലെ പറഞ്ഞു....പക്ഷെ വാനില്‍ ഉണ്ടായ മുഴുവന്‍  സ്റ്റാഫും എന്നെ തുറിച്ചു നോക്കി...ഇന്ന് വരെ ആരും നോക്കാത്ത ഒരു നോട്ടം...."ഹാ ഭായി മാസ്ക് നഹി ഹെ ക്യാ?"(മാസ്ക് ഇല്ലെ കയ്യില്‍)മുസ്താക്ക് നിവൃത്തിയില്ലാതെ എന്നോടു ചോദിച്ചു.മാസ്കിന്‍റെ പേര് കേട്ടതും ഒരു നിശബ്ദത ആ വാനില്‍ പെട്ടന്ന് വന്നു കൂടി.വാന് പാര്‍ക്കിങ്ങില്‍ എത്തുന്നത് വരെ പിന്നീട് ആരും ശബ്ച്ചിദിച്ചില്ല.....

രാവിലെ തന്നെ ജനറല്‍ മാനേജര്‍ മാസ്ക് ധരിച്ചു എന്‍റെ കാബിനു മുമ്പില്‍!! ഇന്നലെ ഫിനാന്‍സ് റിപ്പോര്‍ട്ട് കൈ മാറിയതാണല്ലോ!...ഇയാള്‍ക്ക് എന്ത് പറ്റി? മാസ്ക് ധരിക്കുവാന്‍ !ചിന്തിക്കാന്‍ സമയം കിട്ടിയില്ല.ഓര്‍ഡര്‍ പെട്ടെന്ന് വന്നു...You Should Go to Hospital Immediately ! പിന്നെ എല്ലാം പെട്ടന്നാണ് സംഭവിച്ചത്.... ഓഫീസിന്‍റെ കവാടത്തിനു  മുന്നില്‍ ഒരു ആംബുലന്‍സ് പറന്നു വന്നു നിന്നു...ഞാന്‍ എന്തെങ്കിലും പറയും മുമ്പേ എന്‍റെ കയ്യും കാലും പിടിച്ച് ചന്ദ്രനില്‍ നിന്നു ഇറങ്ങിവന്ന ഒരു കൂട്ടര്‍ എന്നെ പിടിച്ചു ഉള്ളിലേക്കെറിഞ്ഞു....എന്താണ് സംഭവിക്കുന്നത്?!! ഒന്നും എനിക്ക് മനസ്സിലായില്ല...?!! എന്‍റെ തലക്കുള്ളില്‍  ആകെ കൂടി ഒരു ഇരുട്ട് വ്യാപിച്ചു...ഓഫീസ് സ്റ്റാഫ്‌ പലരും മാസ്ക് ധരിച്ച് ചുറ്റും നില്‍ക്കുന്നത് ഗ്ലാസില്‍ കൂടി എനിക്ക് കാണാം ..എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകള്‍ പുറത്തേക്ക് ഒഴുകുന്നില്ല...!! ഇവര്‍ക്കൊക്കെ എവിടെ നിന്നാണ് ഇത്ര വേഗം മാസ്ക് കിട്ടിയത്?! എന്താണ് സംഭവിക്കുന്നത്?! ആംബുലന്‍സ് സിഗ്നല്‍ വക വെക്കാതെ ചീറി പാഞ്ഞു....

......................................................................................................

ഹോസ്പിറ്റലില്‍ വലിയ തിരക്കാണ്...ചന്ദ്ര മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നു.എന്തിന് എന്നെ ഇവിടെ കൊണ്ട് വന്നു ?!! ഈജിപ്ഷ്യന്‍ ഡ്രൈവര്‍ ബാക്ക് ഡോര്‍ തുറക്കാന്‍ വന്നപ്പോള്‍ മുറി അറബിയില്‍ ഞാന്‍ അയാളോട് ചോദിച്ചു?ആയാള്‍ ഉത്തരം ഒന്നും തന്നില്ല ..എന്നെ ഒന്ന് നോക്കി വിരട്ടുക മാത്രം ചെയ്തു?? ഒരു ചന്ദ്ര ഡോക്ടര്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സാര്‍ എനിക്ക് കൊറോണയില്ല എന്ന് ഞാന്‍  ഭ്രാന്തമായി   പറഞ്ഞു.അറബി ഡോക്ടര്‍ ആയ  അദ്ദേഹം കൂടെ വന്ന നഴ്സിനു അറബിയില്‍ എന്തോ നിര്‍ദേശം നല്‍കി..ഈ രാജ്യത്ത് വര്‍ഷങ്ങള്‍ ഒരു പാടു കഴിഞ്ഞെങ്കിലും അറബി പറയാന്‍ പഠിക്കാത്ത എന്‍റെ ദുര്‍വിധിയെ ഞാന്‍ അപ്പോള്‍പഴിച്ചു.

ആ ചന്ദ്ര നഴ്സിനെ  കാണിച്ച് അവരെ പിന്തുടരാന്‍ ഡോക്ടര്‍ എനിക്ക് മുറി ഇംഗ്ഷില്‍ നിര്‍ദേശം നല്‍കി. അനുസരണയുള്ള കുട്ടിയെ പോലെ അവരുടെ പിറകില്‍ ഞാന്‍ നടന്നു നീങ്ങി. തനിക്ക് ചുറ്റും നടന്നു നീങ്ങുന്നവരെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു.


 ഐസൊലേഷൻ വാർഡിലെ കട്ടിൽ ചൂണ്ടി കൊണ്ട് നഴ്സ് പറഞ്ഞു.هذا هو سريرك (ഇതാണ് നിങ്ങളുടെ കട്ടില്‍).ആ രാജ്യത്ത് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആദ്യമായി ആണ് ഒരു തട്ട് ഇല്ലാത്ത കട്ടിലില്‍ ഇടം കിട്ടിയിരിക്കുന്നത്... ബാഗുകളും കളിപ്പാട്ടങ്ങളും ഇല്ലാത്ത ഒരു കട്ടില്‍..നാട്ടില്‍ അല്ലാതെ ഒരിക്കലും ഡബിള്‍ ഡക്കര്‍ കട്ടിലിലല്ലാതെ കിടന്നിട്ടില്ല..കുറച്ച് മാറി  മൂന്ന്- നാല് മീറ്റര്‍ അകലെ മറ്റൊരാളെ കിടത്തിയിട്ടുണ്ട്...അയാള്‍ നല്ല ഉറക്കമാണ്. ചുറ്റും ഒന്ന് വീക്ഷിച്ചു..നല്ല വൃത്തിയുള്ള മുറി..ഗള്‍ഫില്‍ കഴിഞ്ഞ ഇത്രയും കാലം ഇത്ര നല്ല മുറിയില്‍ ഞാന്‍ കിടന്നിട്ടില്ല..പക്ഷെ എന്തോ ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു.എനിക്ക് ഇനി മുറിയില്‍ നിന്നും കൊറോണ പിടിപെടുമോ?!!  എന്‍റെ കനം കൂടിയ തല പിന്നെയും പെരുത്ത് വന്നു....

എന്തൊരു ലോകം!..ലോകം എത്ര വേഗമാണ് ചെറുതായത്..ചൈനയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നും തുടങ്ങി ഇതാ ഞാന്‍ അതിനോരുക്കിയ മുറിയില്‍ മറ്റൊരു ദേശത്ത്.. !!
"എന്താണ് താങ്കള്‍ക്ക് കിടക്കെണ്ടയോ?! -ഒരു ചന്ദ്ര മലയാളി നഴ്‌സിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.മാതൃഭാഷയുടെ രുചി അറിഞ്ഞ ഞാന്‍ അവരോടു കെഞ്ചി !! സിസ്റ്റര്‍,  എനിക്ക് കഫകെട്ടും ചെറിയ ഒരു പനിയും തുമ്മലും മാത്രമേ ഉള്ളു.ദയവായി എന്നെ സഹായിക്കണം.. അവര്‍ പറഞ്ഞു, ഇവിടെ വരുന്ന എല്ലാവര്‍ക്കും ഇത് മാത്രമാണ് ഉള്ളു.ആരും എനിക്ക് വൈറസ് ബാധിച്ചു എന്ന് പറഞ്ഞു വന്നിട്ടില്ല...പിന്നെ പലരും ഇവിടെ സ്വയം വന്നതല്ല...!

മിസ്റ്റര്‍ ദയവായി നിങ്ങള്‍ ഇവിടെ കിടക്കണം.....
എനിക്ക് ഈ കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ല സിസ്റ്റര്‍...എന്നെ ദയവായി..എന്‍റെ റൂമിലേക്ക് പോവാന്‍ അനുവദിക്കൂ.
എനിക്ക് ഈ രാജ്യത്ത് ഡബിള്‍ ഡക്കര്‍ കട്ടിലിലല്ലാതെ ഉറങ്ങാന്‍ സാധിക്കില്ല.ഇവിടെ നിന്നും എനിക്ക് ഈ രോഗം വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു...!

 മാതൃഭാവം കാണിക്കാത്ത അവര്‍ പിന്നെ  എന്നെ ആശ്വാസിപ്പിച്ചു...നിങ്ങള്‍ക്ക് കൊറോണ ടെസ്റ്റ്‌ നെഗറ്റീവ് ആയാല്‍  ഇവിടെ നിന്നു ഉടന്‍ മടങ്ങാം...അത് എത്ര ദിവസം?!!  ഫലം പെട്ടെന്ന് കിട്ടും...പക്ഷെ ഒരു  പതിനാലു ദിവസമെങ്കിലും ഐസോലേഷന്‍ വേണ്ടി . ദൈവമേ പതിനാലു ദിവസമോ! അതിനിടയില്‍ ഏതെങ്കിലും രോഗിയില്‍ നിന്നും എനിക്ക് രോഗം വരില്ലേ??!!  സോറി അത് ഞങ്ങളുടെ സബ്ജെക്റ്റ് അല്ല...നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക..താങ്കളുടെ സ്രവം ഞങ്ങള്‍ ഇന്ന് തന്നെ കൊറോണ ടെസ്റ്റിനു അയക്കാം...

ആ  മുറിയിലെ  ഒഴിഞ്ഞു നിന്ന സ്ഥലങ്ങളില്‍ പുതിയ കട്ടിലും രോഗികളും എത്തികൊണ്ടിരുന്നു.....ചന്ദ്രമനുഷ്യര്‍ ചുറ്റും സജീവമായി സഞ്ചരിച്ചു കൊണ്ടിരുന്നു........ഞാന്‍ അറിയാതെ ആ കട്ടിലില്‍ കിടന്നു ഒരു ദീര്‍ഘ ശ്വാസം വലിച്ചു വിട്ടു.എന്‍റെ കുഞ്ഞുങ്ങളെ എല്ലാം എനിക്ക് ഇപ്പോള്‍ കാണാം.എന്‍റെ ഫോണ്‍ എവിടെ?!...ഞാന്‍ കട്ടിലില്‍ പരതി..അത് ഓഫീസില്‍ എന്‍റെ ക്യാബിനില്‍ തന്നെയാണല്ലോ..ഞാന്‍ എങ്ങിനെ എന്‍റെ കൂടെപ്പിറപ്പുകളെ വിവരം അറിയിക്കും..ഞാന്‍ എവിടെയാണ് എന്ന് എന്‍റെ കുടുംബം എങ്ങിനെ അറിയും?!


"താങ്കള്‍ക്ക് പനി നല്ലപോലെയുണ്ട്.ആദ്യ ടെസ്റ്റ്‌ നെഗറ്റീവ് ആയിരുന്നു.പക്ഷേ തങ്ങള്‍ക്ക് രോഗം ലക്ഷണം മാറിയിട്ടില്ല അത് കൊണ്ട് വീണ്ടും ഒരു ടെസ്റ്റ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്... നിങ്ങള്‍ തല്‍കാലം ഈ കട്ടിലില്‍ തുടരേണ്ടി വരും. സിസ്റ്റര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

എന്നെ സഹായിക്കാന്‍ സാധിക്കാത്തതിന്റെ ഒരു ചെറിയ ദുഖം അവര്‍ക്ക് ഇപ്പോള്‍ ഉണ്ടോ എന്ന് തോന്നി.സിസ്റ്റര്‍ എനിക്ക് എന്‍റെ നാട് പിടിക്കണം... എന്‍റെ കുഞ്ഞുങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്...എന്‍റെ ഭാര്യ,ഉമ്മ ഉപ്പ....എന്‍റെ സഹോദരങ്ങള്‍ ഞാന്‍ ഈ ജയിലറയില്‍ മരണപ്പെട്ടാല്‍ ആര് അറിയും??!! എനിക്ക് നാട്ടില്‍ പോവാന്‍ എന്തെങ്കിലും ഒരു  മാര്‍ഗം??!!
 സോറി മിസ്റ്റര്‍, നിങ്ങള്‍ ഈ മുറിയില്‍ കഴിയുന്നത് കൊണ്ടാണ് വാര്‍ത്തകള്‍ അറിയാതെ പോവുന്നത്.നമ്മുടെ നാട്ടിലേക്കുള്ള പ്രവേശനം നമ്മുടെ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.തിരിച്ച് ഇങ്ങോട്ടും....
......................................................................................................

എന്‍റെ തലക്കനം പെരുത്ത് വന്നു...ഹൃദയങ്ങളില്‍ വല്ലാത്ത ഒരു വിങ്ങല്‍ അനുഭവപ്പെട്ടു.ഭയം ഓരോ അവയവത്തില്‍ നിന്നും മറ്റുള്ള അവയവങ്ങളിലേക്കും വ്യാപിച്ചു.മറ്റുള്ളവരില്‍ നിന്നും എനിക്ക് വൈറസ് ബാധിക്കുമോ,എന്നെ നോക്കാന്‍ വരുന്ന മാലാഖമാര്‍ അപ്പോയും ചിരിക്കുന്നണ്ടായിരുന്നു.....ഹൃദയം കനം പെരുത്ത് പെരുത്ത് അത് മെല്ലെ അത്  നിശ്ചലമായി.......

എന്‍റെ റൂമിലെ കട്ടിലിലെ സാധനങ്ങള്‍ കൂടപിറപ്പുകള്‍ പാക്ക് ചെയ്തു.അതില്‍ നാട്ടില്‍ നിന്നു കൊണ്ട് വന്നതും നാട്ടിലേക്ക് കുട്ടികള്‍ക്ക്  വാങ്ങി വെച്ച കൊച്ചു കൊച്ചു സമ്മാനങ്ങളും  ഉണ്ടായിരുന്നു...

..............................................................................

രണ്ടു കട്ടിലുകള്‍ എനിക്കായി എന്‍റെ നാട്ടില്‍ തയ്യാറായി !...അത് ഒന്ന് കുളിപ്പിക്കുന്നത് വരെ കിടത്താനും മറ്റൊന്ന് പള്ളിയിലേക്ക് കൊണ്ട് പോവാനും ആയിരുന്നു.ഒരു പ്രത്യേകത ഉണ്ടായിരുന്നു...അത്  ഡബിള്‍ ഡക്കര്‍ കട്ടിലല്ലായിരുന്നു.എന്നെ അനുഗമിക്കാന്‍ കട്ടിലിന്‍റെ കാലിന്‍റെ എണ്ണം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ....പിന്നെ ദൈവത്തിന്‍റെ മാലാഖമാരും ...അവര്‍ പറഞ്ഞു " നിന്നെ ഞങ്ങള്‍ രക്തസാക്ഷികളുടെ കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.അത് കൊണ്ട് നീ മരിക്കുന്നില്ല ".......


അങ്ങാടിയില് വച്ച ബോര്ഡില് ആ വാചകം തിളങ്ങി നിന്നും " കൊറോണ ജാഗ്കത !! കരുതലാണ് വേണ്ടത് ഭയമല്ല" !!‍‍


......................................
സ്വപ്നത്തില് നിന്നും നെട്ടിയപ്പോള് ഒന്നും അറിയാതെ ഭാര്യയും കുഞ്ഞുങ്ങളും അടുത്ത് തന്നെ കിടപ്പുണ്ട് ...വാട്ട്‌സ്അപ്പ് മെസ്സേജുകള് ആ പാതി രാത്രിയിലും വന്നു കൊണ്ടേയിരിന്നു...

0 comments: